സീറോഡ് പീഡനക്കേസിൽ കുടുക്കിയെന്ന് പ്രതിപ്പട്ടികയിലുള്ള കിന്റൽ മുഹമ്മദ്

കാഞ്ഞങ്ങാട് ഡിവൈഎസ്പി മുമ്പാകെ ഇന്ന് കീഴടങ്ങും

കാഞ്ഞങ്ങാട്: തൈക്കടപ്പുറം സീറോഡ് ലൈംഗിക പീഡനക്കേസിൽ തന്നെ കുടുക്കിയതാണെന്നും, പീഡനത്തിനിരയായ പെൺകുട്ടിയെ സത്യമായും താൻ പീഡിപ്പിച്ചിട്ടില്ലെന്നും, പടന്നക്കാട് കരുവളം സ്വദേശി കിന്റൽ മുഹമ്മദ്.

ഇന്ന് രാവിലെ 11 മണിക്ക് ലേറ്റസ്റ്റ് പത്രമാപ്പീസിലെത്തിച്ച മൂന്ന് പേജുകളുള്ള വിശദീകരണക്കുറിപ്പിലാണ് കിന്റൽ മുഹമ്മദ് സീറോഡ് പെൺകുട്ടി ലൈംഗിക പീഡനക്കേസിന്റെ ചില അകംപൊരുളുകൾ വെളിപ്പെടുത്തിയത്. ഈ പീഡനക്കേസിൽ മൊത്തം പത്തു പ്രതികളിൽ എട്ടാം പ്രതിയാണ് ഇപ്പോൾ ഒളിവിലുള്ള ക്വിന്റൽ മുഹമ്മദ്.

തന്നെ ഈ പീഡനക്കേസിൽ കുടുക്കിയത് തന്റെ ഭാര്യാസഹോദരനും, പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതുലനുമായ അബ്ദുൾ ഹക്കീമും അനുജൻ മുഹമ്മദ് കുഞ്ഞിയുമാണെന്ന് കുറിപ്പിൽ കിന്റൽ മുഹമ്മദ് ആരോപിക്കുന്നു.

തന്റെ ഭാര്യയുടെ കുടുംബസ്വത്ത് 7 വർഷം മുമ്പ് ഭാഗം വെച്ചിരുന്നു. വീതിച്ചു കിട്ടിയ സ്ഥലത്ത് വീടു പണിയാൻ തറ കെട്ടിക്കഴിഞ്ഞുവെങ്കിലും, വീടു പണിയാൻ ഹക്കീം അനുവദിക്കുന്നില്ല. പെൺകുട്ടിയുടെ മാതുലൻ ഹക്കീമിന്റെ അനുജൻ മുഹമ്മദ് കുഞ്ഞി ഈ പീഡനക്കേസ്സിൽ പരാതി നൽകുന്നതിന് മുമ്പ്, തന്നെ വന്നു കണ്ടിരുന്നു.


പെൺകുട്ടിയെ ആറുപേർ പീഡിപ്പിച്ചിട്ടുണ്ടെന്നും, അവർ ഓരോരുത്തരോടും 2 ലക്ഷം രൂപ വീതം വാങ്ങി പീഡനം ഒതുക്കാൻ ഇടപെടണമെന്ന് മുഹമ്മദ് കുഞ്ഞി നേരിട്ടു വന്ന് തന്നോടാവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പെൺകുട്ടിയുടെ കാമുകനായ യുവാവിനെ താനും മുഹമ്മദ് കുഞ്ഞിയും ഒരുമിച്ചു ചെന്ന് നേരിൽക്കണ്ടിരുന്നു.

പിന്നീട് ഹക്കീമിന്റെ മകൾ ഹസീന ഈ കേസ്സിൽ കിന്റൽ മുഹമ്മദിനെ കുടുക്കണമെന്ന് മുഹമ്മദ് കുഞ്ഞിയോടാവശ്യപ്പെടുകയായിരുന്നു. ഹസീനയുടെ നിർബ്ബന്ധത്തെത്തുടർന്ന് പോലീസിനോട് തന്റെ പേര് പറയാൻ ഇടപെട്ടത് ഹസീനയാണ്.

കിന്റൽ മുഹമ്മദിന്റെ പേര് പോലീസിനോട് പറഞ്ഞാൽ, പെൺകുട്ടിയുടെ കല്ല്യാണവും, മറ്റും തങ്ങൾ നടത്തിത്തരാമെന്ന വാഗ്ദാനവും മുഹമ്മദ് കുഞ്ഞിയും ഹസീനയും പെൺകുട്ടിക്ക് നൽകിയതിന് ശേഷമാണ് പെൺകുട്ടി പോലീസിനോട് തന്റെ പേര് കൂടി പറഞ്ഞത്.

പെൺകുട്ടി പോലീസിൽ പരാതിപ്പെടുന്നതിന് മുമ്പ്, താൻ ഈ പെൺകുട്ടി പീഡനത്തിനിരയായ വിവരവും, കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ഗർഭഛിദ്രം നടത്തിയ കാര്യവും, മറ്റും ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, ക്വിന്റൽ മുഹമ്മദിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽകുറിപ്പിൽ എഴുതിയിട്ടുണ്ട്.

കുറിപ്പ് തുടരുന്നു: ഞാൻ ഇന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി മുമ്പാകെ ഹാജരാകും. അമ്പത്തിയേഴ് വയസ്സുള്ള ഞാൻ ഹൃദ്രോഗിയാണ്. കാഴ്ചക്കുറവുണ്ട്. കാലിന് ശേഷിയില്ല.
കേസ്സിൽ എന്നെ കുടുക്കിയ കാര്യം ഞാൻ ജില്ലാ ജഡ്ജിക്കും, മനുഷ്യാവകാശ കമ്മീഷനും, ജില്ലാ പോലീസ് മേധാവിക്കും എഴുതി അറിയിക്കുന്നുണ്ട്.

മാധ്യമങ്ങൾ ഇടപെട്ട് ഈ ലൈംഗിക പീഡനക്കേസിൽ എന്നെ കുടുക്കിയ കാര്യം അന്വേഷിച്ച് പുറത്തു കൊണ്ടു വരണം.
മാധ്യമ പ്രവർത്തകർ എന്നെ നേരിൽ കാണണം. സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ഇനിയും പല വിവരങ്ങളും പുറത്തു വിടാനുണ്ട് എന്ന് പറഞ്ഞു കൊണ്ട് ക്വിന്റൽ മുഹമ്മദ് കുറിപ്പ് അവസാനിപ്പിക്കുന്നു.

LatestDaily

Read Previous

ക്വിന്റൽ മുഹമ്മദ് വിളിച്ചു: വിവരം തന്നു: പത്രാധിപർ

Read Next

റിട്ട. ബാങ്ക് മാനേജരുടെ തിരോധാനം വിറങ്ങലിച്ച് ഒരു കുടുംബം