പോലീസുകാരുടെ ശമ്പളം പിടിക്കരുത്

എന്താണിത് –? സർക്കാർ എടുക്കുന്ന ചില തീരുമാനങ്ങളെല്ലാം പലപ്പോഴും സർക്കാറിന് തന്നെ വലിയ തിരിച്ചടിയായി മാറുകയാണ്.

കോവിഡ് കാലത്ത് കഴിഞ്ഞ 45 ദിവസങ്ങൾ ഊണും ഉറക്കവും ഉപേക്ഷിച്ച്, രാപ്പകലെന്നില്ലാതെ നാട്ടിലിറങ്ങി ജനങ്ങൾക്ക് കരുതലായി പ്രവർത്തിച്ച കേരളാ പോലീസ് സേനയുടെ ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിന്റെ ഭാഗമായി പോലീസുദ്യോഗസ്ഥരുടെ 6 ദിവസത്തെ ശമ്പളം സർക്കാർ പിടിച്ചുകഴിഞ്ഞു.

ഇതിന് പുറമെ റേഷൻ മണി, സ്ഥിരം ട്രാവലിംഗ് അലവൻസ്, ഡേ ഓഫ് അലവൻസ്, സ്പെഷ്യൽ അലവൻസ്, വൈദ്യുതി, ശുദ്ധജല അലവൻസ് എന്നിവയിൽ 20 ശതമാനവും സർക്കാർ പിടിച്ചെടുത്തിട്ടുണ്ട്.

അവധിയില്ലാതെ തുടർച്ചയായി 6 ദിവസം ജോലി നോക്കുന്നവർക്ക് പോലീസിൽ ഡേ-ഓഫ് അലവൻസ് നൽകിവന്നിരുന്നു. കോവിഡ് രോഗവ്യാപന ഡ്യൂട്ടിയിൽ പോലീസുദ്യോഗസ്ഥർ ആർക്കും ഡേ ഓഫ് അനുവദിച്ചിരുന്നില്.

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പോലീസുദ്യോഗസ്ഥരുടെ 6 ദിവസത്തെ ശമ്പളവും സർക്കാർ പിടിച്ചത്. ഓഫീസുകളിലിരുന്ന് ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം സർക്കാർ ജീവനക്കാരെപ്പോലെ യല്ല പോലീസ് സേന.

പോലീസുകാരുടെ സേവനം 24 മണിക്കൂറാണ്. പോയ 45 ദിനങ്ങൾ രാജ്യം അടച്ചിട്ടപ്പോൾ, സർക്കാർ നൽകിയ സകല നിർദ്ദേശങ്ങളും അക്ഷരം പ്രതി അനുസരിച്ച്, രാപ്പകൽ റോഡുകളിൽ ദാഹജലം പോലും ലഭ്യമാകാത്ത വിധം ജനങ്ങളുടെ കാവൽക്കാരായി സേവനമനുഷ്ഠിച്ച പോലീസ് സേനയുടെ ശമ്പളവും അലവൻസും പിടിച്ചെടുത്ത നടപടി ക്രൂരമായിപ്പോയി.

കേരളം ഭരിക്കുന്നത് ഇടതു സർക്കാറാണ്. കേള മുഖ്യമന്ത്രി പിണറായി വിജയൻ സഖാവാണ്. അധികാരത്തിലേറിയശേഷം ജനങ്ങളുടെ സ്പന്ദനങ്ങൾ ഇത്രയധികം മനസ്സിലാക്കി ഭരണചക്രം തിരിച്ച ഒരു സർക്കാർ ഇതിന് മുമ്പ് കേരളം കണ്ടിട്ടില്ല. രാഷ്ട്രീയ എതിരാളികൾ പോലും രഹസ്യമായി സമ്മതിക്കുന്ന വസ്തുതയാണിത്.

പോലീസ് ജനങ്ങളുടെ കാവൽക്കാരാണ്. പോലീസിന്റെ കാവൽക്കാർ ആരാണെന്ന് ചോദിച്ചപ്പോൾ, അതിനുള്ള ഒരേയൊരു ഉത്തരം മാധ്യമ പ്രവർത്തകർ എന്നാണ്.

കോവിഡ് രോഗം നാട്ടിൽ പടരാതെ, നേരിട്ടല്ലെങ്കിലും, രോഗത്തോട് പടപൊരുതിയവരിൽ േപാലീസ് സേനയുടെ സേവനവും അങ്ങേയറ്റം പ്രശംസനീയ മാണെന്നിരിക്കെ, സേനയുടെ ആത്മവീര്യം ചോർത്തിക്കളയുന്നതിന് ഉതകുംവിധം അവരുടെ ശമ്പളവും അലവൻസും വെട്ടിക്കുറച്ച നടപടി പുനഃപ്പരിശോധിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് സദയം അപേക്ഷിക്കുന്നു.

അരവിന്ദൻ മാണിക്കോത്ത്
എഡിറ്റർ

LatestDaily

Read Previous

പ്രവാസികളോടു കരുണ കാട്ടണം: മടങ്ങിവരുമ്പോൾ കൈവിടരുത്

Read Next

സംവിധായകന്‍ ജിബിത് ജോര്‍ജ് അന്തരിച്ചു