കോവിഡ് രോഗികളുടെ വിവര ചോർച്ച: കാസര്‍കോട് കളക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കോവിഡ് രോഗികളുടെ വിവര ചോർച്ചയുമായി ബന്ധപ്പെട്ട് കാസര്‍കോട് കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നോട്ടീസിൽ ആവശ്യപ്പെട്ടു. കേസ് ഈ മാസം 12 ന് വീണ്ടും പരിഗണിക്കുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ.മാത്യു കുഴൽനാടൻ പറഞ്ഞു.

കാസര്‍കോട്ട് ചികിത്സയിലായിരുന്ന കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിക്കപ്പെട്ടത്. കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് നേതൃത്വം വഹിച്ച പള്ളിക്കര പള്ളിപ്പുഴയിലെ ഇംദാദ് ആണ് ഹർജി നൽകിയത്.

കോവിഡ് രോഗത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റ് നാല് പേരും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. സര്‍ക്കാര്‍ ചോദിച്ച വിവരം തങ്ങള്‍ നല്‍കിയെന്നും ആശുപത്രിയിലും അവിടം വിട്ട ശേഷവും സര്‍ക്കാര്‍ വിവരം ശേഖരിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാൽ പിന്നീട് പലഭാഗത്ത് നിന്നും തുടര്‍ ചികിത്സയൊരുക്കാമെന്ന പേരില്‍ നിരവധി ഫോൺവിളികള്‍ വന്നതായി ഹർജിക്കാർ ആരോപിച്ചു. സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം ഫോൺവിളികള്‍ വന്നു. ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

ഡാറ്റ ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യെ അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിരുന്നു.

പോലീസ് തയ്യാറാക്കിയ ആപ്പിൽ നിന്നാണ് വിവരം ചോർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായുള്ള വിവരവും പുറത്ത് വന്നിരുന്നു.

ബംഗ്ളൂരുവിലെ ഐ.ടി കമ്പനിയാണ് കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർത്തിയതെന്നാണ് വിവരം. കോവിഡ് ബാധിതർ, അവരുടെ സമ്പർക്ക പട്ടികയിലുള്ളവർ എന്നിവരെ പെട്ടന്ന് ബന്ധപ്പെടാനാണ് പോലീസ് ആപ്പ് തയ്യാറാക്കിയത്. അടിയന്തിരമായുള്ള വിവര ശേഖരണത്തിന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ആപ്പ് ഉണ്ടാക്കിയത്. ഇവിടെ നിന്നുമാണ് ഐ.ടി.കമ്പനി വിവരങ്ങൾ ചോർത്തിയതെന്നാണ് നിഗമനം. ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

LatestDaily

Read Previous

കടിഞ്ഞൂൽ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ചു

Read Next

ആംബുലൻസിലെ ലഹരി കള്ളക്കടത്തിൽ പിടികൂടിയത് പരൽ മീനിനെ മാത്രം