കണ്ണിമ പൂട്ടാതെ കാവലായൊരാൾ

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തിൽ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനായതിൽ ചെമ്മനാട് ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറായ മടിക്കൈ പുളിക്കാലിലെ രവീന്ദ്രൻ വഹിച്ച പങ്ക് ചെറുതല്ല.

സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായിരുന്ന പഞ്ചായത്തായിരുന്നു ചെമ്മനാട്. 39 പേരാണ് പഞ്ചായത്ത് പരിധിയിൽ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിഞ്ഞിരുന്നത്.

കോവിഡിനെ പിടിച്ചു കെട്ടാനുള്ള പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും തീവ്രയത്നങ്ങളിൽ ചെമ്മനാട് ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എന്ന നിലയിൽ രവീന്ദ്രൻ നടത്തിയത് ഭഗീരഥ പ്രയത്നം തന്നെയാണ്. ദിനചക്രത്തിലെ 24 മണിക്കൂറിന്റെ സമയ പരിധിയിൽ പോലും ചെയ്തു തീർക്കാൻ പറ്റാത്ത ഭാരിച്ച ജോലിയാണ് പുളിക്കാൽ രവീന്ദ്രനെപ്പോലെയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ജില്ലയിൽ ചെയ്തു തീർക്കേണ്ടിയിരുന്നത്. ചെമ്മനാട് പഞ്ചായത്ത് പൂർണ്ണമായും രോഗ മുക്തമായെങ്കിലും കോവിഡിന്റെ തിരിച്ചു വരവ് സാധ്യത തടയാനുള്ള പ്രവർത്തനങ്ങളിൽ ഇദ്ദേഹം ഇപ്പോഴും സജീവമാണ്.

രണ്ട് മാസത്തോളമായി തന്റെ ഭാര്യയേയും രണ്ട് പെൺമക്കളെയും മടിക്കൈയിലെ വീട്ടിൽ തനിച്ചാക്കി മുഴുവൻ സമയ പ്രവർത്തനമാണ് രവീന്ദ്രൻ നടത്തുന്നത്. സഹജീവി സ്നേഹത്തിന് ഏറെ മഹത്വം നൽകുന്ന വ്യക്തിയാണ് നല്ല കൃഷിക്കാരൻ കൂടിയായ രവീന്ദ്രൻ.

മടിക്കൈ അമ്പലത്തുകര വില്ലേജിൽ പുളിക്കാലിൽ താമസിക്കുന്ന രവീന്ദ്രൻ ജോലി ലഭിക്കുന്നതിന് മുൻപും സാമൂഹ്യ സേവനത്തിൽ സജീവമായിരുന്നു. സാധാരണക്കാരും നിർദ്ധനരുമായ രോഗികളെ മംഗളൂരു, മണിപ്പാൽ ആശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ ഏറെ സഹായിച്ചിരുന്നു. സേവന മനോഭാവമുള്ള ഇത്തരം ജീവനക്കാരുടെ പ്രവർത്തനം ഒന്നു കൊണ്ടു മാത്രമാണ് കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് മികച്ച നിലയിലെത്താൻ സാധിച്ചതും ലോക മാതൃകയായി മാറാൻ സാധിച്ചതും.

Read Previous

പ്ലാസ്റ്റിക്ക് സർജറിയും സൗന്ദര്യ ചികിത്സയും ഇനി മുതൽ കാഞ്ഞങ്ങാട്ടും

Read Next

അഞ്ജനയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ