കച്ചവട പങ്കാളിത്തം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്: പ്രതികൾ റിമാന്റിൽ

തൃക്കരിപ്പൂർ: കച്ചവട പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലപ്പുറത്തുനിന്നും ലക്ഷങ്ങൾ തട്ടി മുങ്ങിയ രണ്ടംഗ സംഘത്തെ തൃക്കരിപ്പൂരിലെ താമസസ്ഥലത്തുനിന്നും ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടറും സംഘവും പിടികൂടി.

കച്ചവട പങ്കാളിത്തം വാഗ്ദാനം ചെയ്ത് നൽകിയ പത്രപരസ്യം വഴി മലപ്പുറം വളയംകുളം അബൂബക്കറിൽ നിന്നും 15 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ ശ്രീകണ്ഠപുരം ചെമ്പേരിയിലെ ടി.പി. ഷിബു സെബാസ്റ്റ്യൻ 42, കണ്ണൂർ താഴെ ചൊവ്വയിലെ കെ. സുബിൻ 32, എന്നിവരെയാണ് ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലും സംഘവും പിടികൂടിയത്.

തൃക്കരിപ്പൂർ ഗവൺമെന്റ് ആശുപത്രിക്ക് തെക്കുഭാഗത്ത് ബീരിച്ചേരി റോഡരികിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന സംഘത്തെ വീടുവളഞ്ഞാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്. ഇവർ രണ്ട് വർഷത്തോളമായി തൃക്കരിപ്പൂരിൽ താമസിച്ചുവരികയായിരുന്നു. അഞ്ചുമാസം മുമ്പാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപയാണ് സംഘം വളയംകുളത്തെ അബൂബക്കറിൽ നിന്നും കൈപ്പറ്റിയത്. പിന്നീട് പെരിന്തൽമണ്ണയിൽവെച്ച് സംഘം പരാതിക്കാരന് ഒരു ബാഗ് കൈമാറുകയും ബാഗിനകത്ത് ഒരു കോടി രൂപയുണ്ടെന്ന് വിശ്വസിപ്പിക്കുകയും ചെയ്തശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. കടലാസ് കെട്ടുകൾ കുത്തി നിറച്ച ബാഗാണ് പ്രതികൾ അബൂബക്കറിന് നൽകിയത്. സംഭവം നോട്ടിരിപ്പിന്റെ പേരിലുള്ള തട്ടിപ്പാണെന്ന് സംശയമുണ്ട്. അറസ്റ്റിലായ പ്രതികൾ മലപ്പുറത്ത് റിമാന്റിലാണ്.

LatestDaily

Read Previous

പറക്കളായി യു.പി.സ്ക്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ വി നിര്യാതനായി

Read Next

33 വർഷത്തിൽ മഠങ്ങളിൽ മരിച്ചത് 16 കന്യാസ്ത്രീകൾ