ആംബുലൻസിലെ ലഹരി കള്ളക്കടത്തിൽ പിടികൂടിയത് പരൽ മീനിനെ മാത്രം

കാഞ്ഞങ്ങാട്: മംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ആംബുലൻസിനകത്തുനിന്നും കുമ്പള പോലീസ്് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തതോടെ ലഹരിമരുന്ന് കടത്ത് ഉൾപ്പെടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചില ആംബുലൻസുകൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് സംശയം ശക്തമായി.

കഴിഞ്ഞ ദിവസം കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ആംബുലൻസിനകത്തുനിന്നും എസ്ഐ ഏ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 80 പായ്ക്കറ്റ് നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തത്.

മട്ടന്നൂർ കോതേരിയിലെ ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്. ആംബുലൻസ് ഓടിച്ചിരുന്നത് മട്ടന്നൂർ മുന്നൂറിലെ പി.പി. മുസാദിഖ് 29, ആയിരുന്നു.

ഉപ്പളയിൽ നിന്നും റിയാസ് എന്നയാൾ കണ്ണൂർ ജില്ലയിലെ ഹാരിസ് എന്നയാൾക്ക് ആംബുലൻസ് ഡ്രൈവർ വശം കൊടുത്തയച്ച പൊതിയാണ് കുമ്പള പോലീസ് പിടിച്ചെടുത്തത്. ഹാരിസ് കണ്ണൂർ ജില്ലയിലെ ആംബുലൻസ് ഉടമസ്ഥ സംഘടനയുടെ സെക്രട്ടറിയും ലീഗ് അനുഭാവിയുമാണ്. ഇദ്ദേഹം മുസ്്ലീം ലീഗിന്റെ തൊഴിലാളി സ്ഘടനയായ എസ്ടിയുവിന്റെ പ്രവർത്തകൻ കൂടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹാരിസ് സിപിഎം പ്രവർത്തകനാണെന്ന് ആരോപണവുമായി ലീഗ് രംഗത്തുണ്ടായിരുന്നെങ്കിലും, പ്രസ്തുത പ്രചാരണങ്ങൾ സോഷ്യൽ മീഡിയ ഇന്നലെത്തന്നെ പൊളിച്ചിരുന്നു. ഹാരിസ് ലീഗ് പ്രവർത്തകനാണെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലുള്ള ചിത്രങ്ങൾ വഴി വ്യക്തമായിട്ടുണ്ട്. മംഗളൂരുവിൽ രോഗികളെ വിട്ടശേഷം തിരികെ വരുന്ന ആംബുലൻസുകളിൽ നിരോധിത ലഹരി മരുന്നുകൾ കൊണ്ടുവരുന്ന ചുരുക്കം ചില ആംബുലൻസുകളുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ആംബുലൻസുകൾ പോലീസ് പരിശോധിക്കാറില്ലെന്ന ആനുകൂല്യത്തിന്റെ മറ പറ്റിയാണ് ചിലർ ആംബുലൻസിനെ നിരോധിത ലഹരി മരുന്നുകളുടെ കള്ളക്കടത്തിന് ഉപയോഗിക്കുന്നത്.

മംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് തിരികെ വരുന്ന ചില ആംബുലൻസുകളിൽ ഇത്തരത്തിൽ കുഴൽപ്പണമടക്കം കടത്താറുണ്ടെന്നാണ് ഒരു ഡ്രൈവർ ലേറ്റസ്റ്റിനെ അറിയിച്ചത്.

തിരിച്ചുവരുന്ന ആംബുലൻസുകളിൽ പരിശോധന നടത്തിയാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വെളിച്ചത്തുക്കൊണ്ടുവരാനാകുമെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായതോടെ മംഗളൂരുവിൽ നിന്ന് നിരോധിത ലഹരിവസ്തുക്കൾ അതിർത്തി കടത്തി കുമ്പള, ഉപ്പള മുതലായ സ്ഥലങ്ങളിൽവെച്ച് കൈമാറുക എന്നതാണ് ഇപ്പോഴത്തെ രീതി.

കർണ്ണാടകയിൽ 8 രൂപ മുതൽ 10 രൂപ വരെ മാത്രം വിലയുള്ള നിരോധിത ലഹരിവസ്തുക്കൾ കേരളത്തിലെത്തിയാൽ പായ്ക്കറ്റ് ഒന്നിന് 100 രൂപ വാങ്ങി വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് മാസം മുമ്പ് സമാനമായ രീതിയിൽ കണ്ണൂർ ജില്ലയിലേയ്ക്ക് കടത്തിയ നിരോധിത ലഹരി വസ്തുക്കൾ പിടിക്കപ്പെട്ടിരുന്നു.

ജില്ലയിലെ ആംബുലൻസ് ഡ്രൈവറാണ് ലഹരിവസ്തുക്കൾ കടത്തിയത്. ഈ സംഭവം പിന്നീട് ഒതുക്കിത്തീർക്കുകയായിരുന്നു. നിരോധിത ലഹരിവസ്തു കടത്തിയ സംഭവത്തിൽ ഒരു പരൽമീനിനെ മാത്രമാണ് കഴിഞ്ഞ ദിവസം കുമ്പള പോലീസ് പിടികൂടിയത്.

LatestDaily

Read Previous

കോവിഡ് രോഗികളുടെ വിവര ചോർച്ച: കാസര്‍കോട് കളക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ്

Read Next

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

Leave a Reply

Your email address will not be published.