മാണിക്കോത്ത് യുവാക്കൾ പരപ്പയിൽ കുടുങ്ങി കഞ്ചാവ് ലഹരിമൂത്ത് ബൈക്കിൽ പാതിരാകറക്കം

കാഞ്ഞങ്ങാട്: കഞ്ചാവ് ലഹരിമൂത്ത് പാതിരാത്രി ബുള്ളറ്റ് ബൈക്കിൽ കറങ്ങിയ മാണിക്കോത്ത്, മഡിയൻ, അതിഞ്ഞാൽ സ്വദേശികളായ നാല് യുവാക്കളെ ബളാൽ കനകപ്പള്ളിയിൽ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി.

മാണിക്കോത്ത് നിന്നും 40 കിലോമീറ്റർ അകലെ അർദ്ധരാത്രിയിൽ ബുള്ളറ്റിലെത്തിയ സംഘത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണമാരംഭിച്ചു.

മാണിക്കോത്ത് സ്വദേശികളായ ആഷിഖ് 25, ഷംസീർ 26, അഷ്ക്കറലി 27, കെ.പി. ഷംസുദ്ദീൻ 29 എന്നിവരാണ് കഞ്ചാവ് ലഹരിയിൽ പോലീസിന്റെ പിടിയിലായത്.

രാത്രികാല പരിശോധനയ്ക്കിടെയാണ് യുവാക്കളെ  പോലീസ് കസ്റ്റഡിയിലെടുത്തത്.

പുത്തൻ ബുള്ളറ്റ് ബൈക്കിൽ സഞ്ചരിച്ച നാലുപേരും കഞ്ചാവ് തലക്ക് പിടിച്ച് ഉൻമാദ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  ഇവരിൽ നിന്നും കഞ്ചാവ് സിഗരറ്റുകളും പോലീസ് കണ്ടെത്തി.

രാത്രി 12.30-ന് പരപ്പ- വെള്ളരിക്കുണ്ട് റോഡിൽ പിടിയിലായ യുവാക്കൾ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തേക്ക് പോവുകയാണെന്നാണ് പോലീസിനോട് ആദ്യം പറഞ്ഞത്.

കാഞ്ഞങ്ങാട്ട് നിന്നും റാണിപുരത്തേക്ക് പോകാൻ കനകപ്പള്ളിയിലേക്കെത്തിയതെന്തിനാണെന്ന പോലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടിയാണുണ്ടായത്.

യുവാക്കളെയും ബുള്ളറ്റ് ബൈക്കും സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ്  കഞ്ചാവ് നിറച്ച സിഗരറ്റ് കണ്ടെത്തിയത്.

മാണിക്കോത്തെ യുവാക്കൾ കനകപ്പള്ളിയിലെത്തിയതിലെ ദുരൂഹത നീങ്ങിയിട്ടില്ല. ഇവരുടെ സെൽഫോൺ വിളികൾ സെബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കാനാണ് പോലീസ് തീരുമാനം.

കഞ്ചാവ് സംഘവുമായി ഇവർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.

LatestDaily

Read Previous

ചികിത്സയിലായിരുന്ന സി. പി. എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

Read Next

രാജ്മോഹൻ ഉണ്ണിത്താനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം