പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാവ് രാജിവെച്ചു

കാഞ്ഞങ്ങാട്: പാർട്ടിയോടുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഭാരവാഹിത്വം രാജിവെച്ചു. യൂത്ത് ലീഗിന്റെ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് വസീം പടന്നക്കാടാണ് പ്രസിഡണ്ട് സ്ഥാനവും, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗത്വവും രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് വസീം തന്റെ രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. പാർട്ടിയുടെ നിലപാടിൽ മനം മടുത്താണ് രാജിയെന്ന് വസീം പറഞ്ഞു.

നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. വി. സുജാതയ്ക്ക് വോട്ട് മാറ്റി ചെയ്ത പടന്നക്കാട്ടെ കൗൺസിലർ ഹസീന റസാഖിന്റെ രാജി വാർഡ് കമ്മിറ്റിയോട് ആലോചിക്കാതെ ആവശ്യപ്പെട്ട ലീഗ് മുൻസിപ്പൽ കമ്മിറ്റിക്കെതിരെ വസീം അടക്കമുള്ളവർ പ്രതിഷേധിച്ചിരുന്നു. കല്ലൂരാവിയിൽ ഔഫ് അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തിൽ പാർട്ടി നിലപാടിനെ എതിർത്ത് വസീം രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് ലീഗ് യുവനേതാവ് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ നഗരസഭാധ്യക്ഷയ്ക്കും, ഉപാധ്യക്ഷനും അഭിനന്ദനമർപ്പിച്ച് വസീം പടന്നക്കാട് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.

വസീമിന്റെ നിലപാടിൽ ലീഗിനുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പടന്നക്കാട് വാർഡിലെ ലീഗ് പ്രവർത്തകർ രാപ്പകലില്ലാതെ അധ്വാനിച്ച് വിജയിപ്പിച്ചെടുത്ത ഹസീന റസാഖിന്റെ നിർബ്ബന്ധിത രാജിയെഴുതി വാങ്ങിയ ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നിലപാടിൽ വസീമിനും എതിർപ്പുണ്ടായിരുന്നു. ഇതടക്കമുള്ള വിഷയങ്ങളാണ് യൂത്ത് ലീഗിന്റെ ഭാരവാഹിത്വം രാജിവെക്കുന്നതിലേക്ക് നയിച്ചത്. നഗരസഭാ ഉപാധ്യക്ഷനായ ബിൽടെക്ക് അബ്ദുല്ലയുടെ മരുമകനായ വസീം പടന്നക്കാട് ബിൽടെക്കിന്റെ അട്ടിമറി വിജയത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്നാണ് ലീഗ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ കുറുന്തൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വസീം പടന്നക്കാട്.

LatestDaily

Read Previous

അഭിഭാഷക തിരഞ്ഞെടുപ്പ് 8 ‑ന് സിപിഎമ്മും കോൺഗ്രസ്സും തമ്മിൽ പോരാട്ടം

Read Next

ബന്തിയോട് യൂത്ത് ലീഗ് പ്രവർത്തകന് കുത്തേറ്റു