ജലീലിനെതിരെ യൂത്ത് ലീഗിന്റെ പരിഹാസ്യ സമരം

കാഞ്ഞങ്ങാട്: മന്ത്രി കെ. ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ തലയിൽ മുണ്ടിട്ട് സമരം പരിഹാസ്യമാണെന്ന വിമർശനമുയർന്നു.

ലീഗ് എംഎൽഏ, എം.സി. ഖമറുദ്ദീന്റെ പേരിലുള്ള 132 കോടിയുടെ ജ്വല്ലറിത്തട്ടിപ്പ് നിലനിൽക്കുമ്പോഴാണ് കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗിന്റെ പരിഹാസ്യ സമരം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യ ചെയ്യലിന് വിധേയനായ കെ.ടി. ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് യൂത്ത്  ലീഗിന്റെ പ്രതിഷേധ സമരം നടന്നത്.

തലയിൽ മുണ്ടിട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ ജലീലിനെതിരെ പ്രകടനം നടത്തിയത്.

ജലീൽ തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് പോയെന്ന് പരിഹസിച്ചാണ് യൂത്ത് ലീഗ് നഗരത്തിൽ വേറിട്ട പ്രകടനം നടത്തിയത്. സമരം ഒടുവിൽ യൂത്ത് ലീഗിന് തന്നെ പാരയായി. എം.സി. ഖമറുദ്ദീന്റെ ജ്വല്ലറിത്തട്ടിപ്പ് കേസുകൾ ദിനംപ്രതി പെരുകുകയും, സംസ്ഥാനത്ത് ലീഗ് നേതൃത്വത്തിന് തലയിൽ മുണ്ടിട്ട് മാത്രം നടക്കാനാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് നടത്തിയത് അപഹാസ്യമായ സമരമാണെന്നാണ് വിമർശനമുയർന്നിരിക്കുന്നത്.

ഖമറുദ്ദീന്റെ തട്ടിപ്പ് കേസിൽ കൃത്യമായ വിശദീകരണം പോലും നൽകാനാകാതെ ലീഗ് സംസ്ഥാന നേതൃത്വം ഒഴിഞ്ഞു മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.

എംഎൽഏയുടെ രാജിയാവശ്യപ്പെട്ട് സിപിഎമ്മും, ഡിവൈഎഫ്ഐയും രംഗത്തുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഖമറുദ്ദീനെതിരെ നേരിട്ടുള്ള പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.

ജ്വല്ലറിത്തട്ടിപ്പ് കേസിൽ മുഖം നഷ്ടപ്പെട്ട ലീഗിന് പിടിവള്ളിയായി കിട്ടിയ അവസരമായാണ് ജലീൽ വിഷയം ഉയർത്തികൊണ്ടുവന്നിട്ടുള്ള  പ്രക്ഷോഭം. 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ജലീലിനെതിരെ ഈ വിഷയത്തിൽ ഇതുവരെ ക്രിമിനൽ കേസുകളൊന്നും റജിസ്റ്റർ ചെയ്തിട്ടുമില്ല.

നാൽപ്പതോളം ക്രിമിനൽ കേസ്സുകൾ മഞ്ചേശ്വരം എംഎൽഏയ്ക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതിനകം റജിസ്റ്റർ ചെയ്തുകഴിഞ്ഞു.

നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ എം.സി. ഖമറുദ്ദീനെതിരെയുള്ള വഞ്ചനാക്കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തുകഴിഞ്ഞു.

ഈ സാഹചര്യത്തിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടത് ആരാണെന്ന ചോദ്യമാണ് ലീഗിന്റെ രാഷ്ട്രീയ എതിരാളികൾ ചോദിക്കുന്നത്.

LatestDaily

Read Previous

വീടുകയറി ആക്രമം സ്ത്രീക്കും മകനും പരിക്ക്

Read Next

വക്കീലൻമാർക്ക് കോടതിയിൽ എഫ്ഐആർ വിലക്ക്