യൂത്ത് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്ത പണം ജൂലൈ 31-ന് തിരികെ നൽകാൻ ധാരണ

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്ത എൻഡോസൾഫാൻ ദുരിതബാധിതന്റെ 2 ലക്ഷം രൂപ ജൂലൈ 31-ന് തിരികെ കൊടുക്കാൻ രാജപുരം പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ധാരണയായി.

പനത്തടി പഞ്ചായത്തിലെ പ്രാന്തർകാവിൽ താമസിക്കുന്ന കുറുവാട്ട് വീട്ടിൽ ഗോവിന്ദൻ- കല്ല്യാണി ദമ്പതികളുടെ മകനും, എൻഡോസൾഫാൻ ദുരിതബാധിതനുമായ ഗിരീഷിന്റെ  അക്കൗണ്ടിലുള്ള 2 ലക്ഷം രൂപയാണ് യൂത്ത് കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത്, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് സന്തുടോം എന്നിവർ ചേർന്ന് തട്ടിയെടുത്തത്.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ നൽകിയ 5 ലക്ഷം രൂപയിൽ ചികിത്സാ ചെലവ് കഴിഞ്ഞ് ബാക്കി വന്ന 2 ലക്ഷം ചുള്ളിക്കരയിലെ സിന്റിക്കേറ്റ് ബാങ്ക് ശാഖയിൽ ഗിരീഷിന്റെ പേരിൽ  നിക്ഷേപിച്ചിരുന്നു.

ഈ തുകയാണ് യൂത്ത് കോൺ ഗ്രസ് നേതാക്കൾ തട്ടിയെടുത്തത്. 2019 ജൂലൈ 12-ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ഗിരീഷിനെ സ്വന്തം കാറിൽ കയറ്റിക്കൊണ്ടുവന്നാണ് ബാങ്കിൽ നിന്നും തുക പിൻവലിച്ചത്.

കോൺഗ്രസ് അനുഭാവികളായ കല്യാണിയുടെയും, ഗോവിന്ദന്റെയും വീട്ടിൽ ശ്രീകാന്ത് ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ടായിരുന്നു. ഈ പരിചയം വെച്ചാണ് പണം കടം വാങ്ങിയത്. ബാങ്കിൽ നിന്നും പിൻവലിച്ച തുകയിൽ നിന്നും 10,000 രൂപ കല്ല്യാണിക്ക് തിരികെ കൊടുത്തിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ശ്രീകാന്ത് തുക ഇവരുടെ വീട്ടിലെത്തി തിരിച്ചുവാങ്ങി.

പണം തിരികെ കിട്ടാത്തതിനെത്തുടർന്ന് കല്ല്യാണി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസിനെ നേരിൽക്കണ്ട് പരാതി പറഞ്ഞിരുന്നെങ്കിലും തീരുമാനമൊന്നുമായില്ല. ഇതെത്തുടർന്നാണ് കല്ല്യാണി ദളിത് മഹാസഭ സംസ്ഥാന പ്രസിഡണ്ട് പി.കെ. രാമനെ നേരിൽക്കണ്ട് സംഭവങ്ങൾ വിവരിച്ചത്.

തുടർന്ന് പി.കെ. രാമന്റെ സഹായത്തോടെ കല്ല്യാണി രാജപുരം പോലീസിൽ പരാതി കൊടുത്തതോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പ് പുറംലോകം അറിഞ്ഞത്. ഇന്നലെ രാജപുരം പോലീസ് സ്റ്റേഷനിൽ എസ്ഐയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് കടംവാങ്ങിയ തുക ജൂലൈ 31-ന് തിരികെ കൊടുക്കാൻ ധാരണയായത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ  ടോം ജോസ് ആരോപണവിധേയരായ യൂത്ത് കോൺഗ്രസ് നേതാക്കൾ, ദളിത് മഹാസഭ സംസ്ഥാന പ്രസിഡണ്ട് പി.കെ. രാമൻ, എൻഡോസൾഫാൻ ദുരിതബാധിതൻ ഗിരീഷ്, മാതാപിതാക്കളായ ഗോവിന്ദൻ-കല്ല്യാണി എന്നിവർ ഇന്നലെ നടന്ന മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്തു.

സ്വന്തമായി അടച്ചുറപ്പുള്ള വീടുപോലുമില്ലാത്ത എൻഡോസൾഫാൻ ദുരിതബാധിതന് സർക്കാർ നൽകിയ ധനസഹായം, പെൻഷൻ എന്നിവയടങ്ങിയ നിക്ഷേപത്തുകയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തത്.

Read Previous

എം.എൽ.ഏ വഞ്ചിച്ചവരിൽ പാവങ്ങളും: തയ്യൽത്തൊഴിലാളി സ്ത്രീക്ക് നഷ്ടമായത് 5 ലക്ഷം

Read Next

വഖഫ് സ്വത്ത് തട്ടിയെടുത്തവരെ പ്രോസിക്യൂട്ട് ചെയ്യണം: ഐ എൻ എൽ