‘വിലക്കയറ്റത്തിനെതിരെ ശിവന്റെ വേഷത്തില്‍ പ്രതിഷേധം’

ഗുവഹാത്തി: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ കേന്ദ്ര സർക്കാരിനെതിരെ അസമില്‍ പ്രതിഷേധിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിരിഞ്ചി ബോറ എന്ന ചെറുപ്പക്കാരൻ ശിവന്‍റെ വേഷം ധരിച്ചാണ് പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച നഗാവിലായിരുന്നു യുവാവ് പ്രതിഷേധിച്ചത്. പാര്‍വതിയുടെ വേഷമിട്ട സഹഅഭിനേത്രി പരിഷ്മിതയോടൊപ്പം ശിവന്റെ വേഷങ്ങളോടെ ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിര്‍ത്തി പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു കൊണ്ട് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതിനെതിരെ പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ശിവനും പാർവ്വതിയും തമ്മിലുള്ള കലഹത്തിന്‍റെ രൂപത്തിൽ, ബിരിഞ്ചി കേന്ദ്ര സർക്കാരിനും വിലക്കയറ്റത്തിനുമെതിരെ ശബ്ദമുയർത്തുകയും വിലക്കയറ്റത്തിനെതിരെ പ്രതികരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രതിഷേധത്തിൽ കാണികൾ പങ്കെടുക്കുകയും പ്രതിഷേധത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

വിശ്വഹിന്ദു പരിഷദ്, ബജ്രംഗ് ദള്‍ തുടങ്ങിയ മതസംഘടനകള്‍ രംഗത്തെത്തുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്നും മതത്തെ ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ച് യുവാവിനെതിരെ സംഘടനകൾ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ബിരിഞ്ചിയെ കസ്റ്റഡിയിലെടുത്തു. ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തിൽ യുവാവിനെ പിന്നീട് വിട്ടയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

K editor

Read Previous

കല്യാണത്തെക്കുറിച്ച് വെളിപ്പെടുത്തി നടി സൊനാക്ഷി സിന്‍ഹ

Read Next

‘ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടേണ്ടിവരും’