റെസ്ലിങ് താരങ്ങളുടെ പ്രതിഷേധം പിൻവലിച്ചു; ബ്രിജ് ഭൂഷൺ മാറിനില്‍ക്കും

ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷനെതിരെ ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങള്‍ നടത്തിവന്ന പ്രതിഷേധം പിൻവലിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഇതിനായി മേൽനോട്ട സമിതി രൂപീകരിക്കും. നാലാഴ്ചയ്ക്കകം സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ലൈംഗിക ആരോപണം, സാമ്പത്തിക ക്രമക്കേട് എന്നിവ അന്വേഷിക്കും. സമിതി അംഗങ്ങളെ ശനിയാഴ്ച പ്രഖ്യാപിക്കും. നിലവിലെ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ സിംഗ് അന്വേഷണം പൂർത്തിയാകുന്നതുവരെ തൽക്കാലം മാറിനിൽക്കും. ഈ കാലയളവിൽ ഫെഡറേഷന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ കമ്മിറ്റി നിർവഹിക്കും. ഉയർന്ന പരാതികളിൽ ഉചിതമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും സമര നേതാവ് ബജ്‌റംഗ് പുനിയ പറഞ്ഞു. സമരം പിൻവലിക്കുകയാണെന്നും അവർ അറിയിച്ചു.

മാധ്യമങ്ങളോട് പ്രതികരിക്കാൻ മന്ത്രി വിസമ്മതിച്ചു. അനുരാഗ് ഠാക്കൂറിന്‍റെ ഔദ്യോഗിക വസതിയിൽ നടന്ന ചർച്ചയിൽ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബബിത ഫോഗട്ട്, സുമിത് മാലിക് എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച ചർച്ച ശനിയാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. വ്യാഴാഴ്ച രാത്രിയും നാലുമണിക്കൂറോളം ചർച്ച നടന്നിരുന്നു.

K editor

Read Previous

ദേശിയ ധീരതാ പുരസ്കാരം; 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികൾ

Read Next

‘സൗദി വെള്ളക്ക’യെ പ്രശംസിച്ച് ​ഗൗതം വാസുദേവ് മേനോൻ