വനിതാ ദിനം ചടങ്ങാകരുത്

ഒരു വനിതാ ദിനം കൂടി കടന്നു പോകുകയാണ്. അന്താരാഷ്ട്ര തലത്തിൽ വനിതകൾക്കായി ഒരു ദിനം ആചരിക്കുമ്പോൾ വനിതകൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഗൗരവതരമായ ചർച്ചകൾ ഉയർന്നു വരേണ്ടതുണ്ട്. വനിതകളുടെ തുല്യാവകാശങ്ങളെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചുമുള്ള വിഷയങ്ങളിൽ ഇന്ത്യ നൂറ്റാണ്ടുകൾക്ക് പിന്നിലാണെന്ന വസ്തുത നില നിൽക്കുമ്പോൾത്തന്നെയാണ് മറ്റൊരു അന്താരാഷ്ട്ര വനിതാ ദിനം കൂടി കടന്നുപോകുന്നത്.

വെല്ലുവിളികൾ തെരഞ്ഞെടുക്കുകയെന്നതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം വനിതാദിനാചരണത്തിന് ഒരു നൂറ്റാണ്ട് തികയുന്ന സന്ദർഭത്തിൽ സമൂഹത്തിൽ വനിതകളുടെ സ്ഥാനം എവിടെയെന്നത് പരിശോധനാർഹമായ വിഷയമാണ്. വർഷം തോറും നടക്കുന്ന ആചാരപ്രകടനങ്ങൾക്കപ്പുറം വനിതാ ദിനാചരണത്തിന് കൂടുതൽ പ്രസക്തിയൊന്നും ഇന്ത്യയിൽ ദർശിക്കാനായിട്ടില്ലെന്നതാണ് വസ്തുത.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാൻ കഴിയുമ്പോഴാണ് ഒരു സമൂഹം സ്ത്രീകളോട് തുല്യനീതി കാണിച്ചെന്ന് പറയാൻ പറ്റുന്നത്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീ സമൂഹത്തിന്റെ സ്ഥാനം ഇപ്പോഴും മനുസംഹിതയുടെ കാലത്തുള്ളതു പോലെയാണെന്നതാണ് യാഥാർത്ഥ്യം. ന: സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നെഴുതി വെച്ച മനുസ്മൃതിയെ ഉപബോധമനസ്സിൽ സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം പുരുഷന്മാരും ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങളും, ബലാൽസംഗ കൊലകളും നിത്യ സംഭവമാണ്. ബലാൽസംഗത്തെ പ്രതിരോധിക്കുന്ന സ്ത്രീകളേയും, പരാതി നൽകുന്നവരേയും ജീവനെടുത്ത് പക തീർക്കുന്ന കാട്ടാള നീതിയാണ് ഉത്തരേന്ത്യയിൽ ദിനം പ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ കാഠിന്യത്തിൽ കുറവുണ്ടെങ്കിലും സാക്ഷരരെന്നഭിമാനിക്കുന്ന കേരളീയ സമൂഹത്തിലും സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾക്ക് കുറവൊന്നുമില്ല.

നാരിയെ പൂജിക്കുന്നിടം ദേവതാരാമമെന്നാണ് ഇന്ത്യൻ സങ്കൽപ്പമെങ്കിലും ഇതിൽ നിന്നും വിഭിന്നമായി സ്ത്രീ ശരീരത്തെ ഉപഭോഗ വസ്തുവായി മാത്രം പരിഗണിക്കുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം പുരുഷൻമാരും. ഇത്തരം ചിന്താഗതിയുള്ളവരോട് സ്ത്രീ സമത്വത്തെക്കുറിച്ചും, ലിംഗ നീതിയെക്കുറിച്ചും സംസാരിക്കുന്നത് പോത്തിന്റെ ചെവിയിൽ വേദമോതുന്നതിന് തുല്യമായ വ്യഥാ വ്യായാമമാണ്.

സ്ത്രീക്കും, പുരുഷനും ശാരീരികമായ ഘടനാ വ്യത്യാസങ്ങളൊഴിച്ചാൽ ഇരുവർക്കും തമ്മിൽ യാതൊരു വ്യത്യാസങ്ങളുമില്ല. പക്ഷേ, സാമൂഹ്യ വ്യവസ്ഥയിൽ അടിയുറച്ച പുരുഷാധിപത്യ പ്രവണതകളുടെ ഫലമായി സ്ത്രീയുടെ സ്ഥാനം ഇപ്പോഴും താഴ്ന്ന നിലയിൽ തന്നെയാണ്. ഒരു വനിതയെ പ്രധാനമന്ത്രി പദവിയിലെത്തിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥ പഴയതിലും പരിതാപകരമാണെന്നതാണ് യാഥാർത്ഥ്യം.

തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സ്ത്രീകളുടെ സ്ഥാനം ഇപ്പോഴും ജനാധിപത്യത്തിന്റെ വെളിയിടങ്ങളിലാണ്. സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിൽ സംവരണമുണ്ടെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികൾ ഒൗദാര്യമെന്ന മട്ടിലാണ്. സ്ത്രീകളെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറക്കുന്നത്. തുല്യതയ്ക്കുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തിൽ അത് ഏട്ടിലെ പശുവാണ്.

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന് ഒരു നൂറ്റാണ്ട് തികയുന്ന വേളയിലെങ്കിലും സ്ത്രീകൾക്ക് തുല്യ നീതിയും, തുല്യാവസരങ്ങളും നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു. ഹൈടെക്ക് യുഗത്തിൽ നിന്നും കാലം അതിവേഗം മുന്നോട്ട് കുതിക്കുന്ന സാഹചര്യത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്കുയർത്തിക്കൊണ്ടുവരേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സ്ത്രീ വർഗ്ഗം പുരുഷന്മാരുടെ ശയ്യോപകരണങ്ങൾ മാത്രമല്ലെന്ന തിരിച്ചറിവെങ്കിലുമുണ്ടായാൽ നന്ന്.

LatestDaily

Read Previous

സ്വത്തിടപാടിൽ 18 ലക്ഷം രൂപ തട്ടിയെന്ന് പരാതി

Read Next

എം. രാഘവൻ സിപിഎം കാഞ്ഞങ്ങാട് ഏസിയിൽ