അടിസ്ഥാന സൗകര്യമൊരുക്കാതെ അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം

അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിലൊതുങ്ങും, ആശുപത്രി പ്രവർത്തനം സജ്ജമാവാൻ സമയമെടുക്കും
 
കാഞ്ഞങ്ങാട്: ഈ മാസം 8-ന് തിങ്കളാഴ്ച നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിടോദ്ഘാടനം ചടങ്ങിൽ മാത്രമായി ഒതുങ്ങും. ഇന്നലെ വൈകീട്ട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബന്ധപ്പെട്ടവർ നൽകിയ വിശദീകരണം ആശുപത്രി പ്രവർത്തനം തുടങ്ങാൻ വൈകുമെന്ന സൂചനയാണ്. യോഗത്തിൽ സ്വാഗതപ്രസംഗം നടത്തിയ ഡെപ്യൂട്ടി ഡിഎംഒ മനോജും, സംസാരിച്ച പൊതുമരാമത്ത് എക്സിക്യൂട്ടീവ് ഓഫീസർ യമുനയും, ആദ്ധ്യക്ഷം വഹിച്ച ചെയർപേഴ്സൺ കെ.വി. സുജാതയും പൂർണ്ണ തോതിൽ ആശുപത്രി പ്രവർത്തനം തുടങ്ങാൻ സമയമെടുക്കുമെന്നും, കെട്ടിടത്തിന്റെ ഉദ്ഘാടനം മാത്രമാണ് 8-ന് നടക്കുന്നതെന്നും സൂചിപ്പിച്ചു.

9 കോടി 41 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച ആശുപത്രിയുടെ കെട്ടിടത്തിന് മാത്രം അഞ്ച് കോടി 37 ലക്ഷം രൂപ ചെലവായി. 2019-ൽ ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ പണി നിശ്ചിത സമയത്തിന് മുമ്പേ പൂർത്തിയായെങ്കിലും, വൈദ്യൂതീകരണ പ്രവൃത്തികളിൽ 25 ശതമാനം ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ലിഫ്റ്റ് സൗകര്യങ്ങളും മറ്റും പൂർത്തീകരിക്കാൻ ഇനിയും സമയമെടുക്കും. ഇപ്പോൾ പൂർത്തിയായ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്ല. പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ച കെട്ടിടം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് ഉപയോഗിക്കാനാണ് തീരുമാനം. 

പ്രസവങ്ങൾക്കും ശിശു രോഗങ്ങൾക്കും സ്ത്രീകൾക്കുണ്ടാവുന്ന മറ്റു രോഗങ്ങൾക്കും ചികിത്സ നൽകുന്ന കേന്ദ്രമാണ് അമ്മയും കുഞ്ഞും ആശുപത്രി. ഇതിനെല്ലാം ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനങ്ങൾ നടത്തേണ്ടതുമുണ്ട്. ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തേഷ്യ, ജനറൽ സർജറി, റേഡിയോളജി വിഭാഗങ്ങൾ ഉണ്ടാവുന്ന അമ്മയും കുഞ്ഞും ആശുപത്രിയിൽ മാതൃയാനം ( പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കുന്ന പദ്ധതി) ഉൾപ്പടെ ഏർപ്പെടുത്തും.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരും മുമ്പേ ആശുപത്രി ഉദ്ഘാടനം ചെയ്യേണ്ടതുള്ളതിനാലാണ് ആശുപത്രിക്കെട്ടിടം മാത്രമായി തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ മന്ത്രി കെ.കെ. ശൈലജയാണ് ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. സംഘാടക സമിതി ചെയർമാനായി നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാതയെയും ജനറൽ കൺവീനറായി ഡിഎംഒ രാംദാസിനെയും തെരഞ്ഞെടുത്തു. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുല്ലയും വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാരും പ്രസംഗിച്ചു.  നഗരസഭ കൗൺസിലർമാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സന്നദ്ധ സംഘടനാ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

LatestDaily

Read Previous

പെട്രോൾ പമ്പിലെ തട്ടിപ്പ് ഫേസ്ബുക്കിൽ പുറത്തു വിട്ട വാഹന ഉടമയ്ക്കെതിരെ കേസ്

Read Next

സി.എച്ച്. സെന്റർ ഉദ്ഘാടനം ലീഗ് വേദിയിൽ ഹൈദരലി തങ്ങൾ നിർവ്വഹിക്കും