പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജരാക്കാൻ ‘ധീര പദ്ധതി’യുമായി വനിത ശിശു വികസന വകുപ്പ്

തൃശൂർ: ആയോധന വിദ്യകൾ പഠിപ്പിച്ച് പെൺകുട്ടികളെ ‘ധീര’കളാക്കാനുള്ള പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. അക്രമ സാഹചര്യങ്ങളിൽ സ്വന്തം സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പരിശീലനം നൽകുന്നതിനും സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുന്നതിനുമാണ് ധീര പദ്ധതി നടപ്പാക്കുന്നത്. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂർ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

10 നും 15 നും ഇടയിൽ പ്രായമുള്ള 30 പെൺകുട്ടികളെ ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തിരഞ്ഞെടുക്കും. കരാട്ടെ, കളരിപ്പയറ്റ്, തായ്ക്കോണ്ടോ തുടങ്ങിയ ആയോധനകലകൾ ഇൻസ്ട്രക്ടർമാരെ നിയമിച്ച് പരിശീലിപ്പിക്കും. ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 90 പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ ആർജിക്കാനുള്ള 10 മാസത്തെ പരിശീലനം നൽകും. പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധീരയ്ക്ക് ജില്ലയിൽ തുടക്കമായത്. അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾക്കാണ് ജില്ലയിൽ ആദ്യ പരിശീലനം നൽകിയത്.

സമൂഹത്തിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പെൺകുട്ടികൾക്ക് ബാല്യത്തിൽ തന്നെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ പരിശീലനം ആവശ്യമാണ്. ലിംഗാധിഷ്ഠിതമായ അക്രമങ്ങളെ ചെറുക്കാൻ ആയോധന വിദ്യകൾ പരിശീലിപ്പിക്കുന്ന പദ്ധതിയാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ നിർഭയ സെൽ ജില്ലാതലത്തിൽ നടപ്പാക്കുന്നത്. പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക, അക്രമത്തെക്കുറിച്ച് അവരെ ബോധവാൻമാരാക്കുക, സ്വയം പ്രതിരോധം സാധ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

Read Previous

കാട്ടാക്കട മർദ്ദനം;ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടി സസ്പെൻഷൻ

Read Next

പൊതുതാൽപര്യം മുന്‍നിര്‍ത്തി സർക്കാരിന് ഇന്റര്‍നെറ്റ് വിച്ഛേദിക്കാം;കരട് ബില്‍ തയ്യാര്‍