ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു

രാജപുരം: ജ്യോതിഷനായ ഭർത്താവ് കോവിഡ് ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെ സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതിയും കോവിഡിനെ തുടർന്ന് മരണപ്പെട്ടു. പനത്തടി സർവ്വീസ് സഹകരണ ബാങ്ക് പൂടംങ്കല്ല് ഹെഡ് ഓഫീസിലെ ക്ലർക്ക് മാവുങ്കാൽ നെല്ലിത്തറയിലെ അർച്ചനയാണ് 38, ഇന്നലെ രാത്രി മംഗളൂരു ആശുപത്രിയിൽ മരണപ്പെട്ടത്.

21 ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരണപ്പെട്ട കാഞ്ഞങ്ങാട്ടെ പ്രശസ്ത ജ്യോതിഷനായിരുന്ന ശിവകുമാർ പൊതുവാളിന്റെ ഭാര്യയാണ് അർച്ചന. ഭർത്താവിന്റെ ആകസ്മിക വേർപാടിന്റെ ആഘാതത്തിൽ തളർന്നു വീണ അർച്ചനയെ ആശുപത്രിയിൽ പ്രവേശിച്ചതിനെ തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രണ്ടാഴ്ചയായി മംഗളൂരു ആശുപത്രിയിൽ കഴിയവെ കോവിഡിന് പുറമെ ന്യൂമോണിയയും പിടിപെട്ടു. തുടർന്നാണ് മരണം സംഭവിച്ചത്. 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നിരഞ്ജന ഏക മകളാണ്. അർച്ചനയുടെ മരണത്തെ തുടർന്ന് പനത്തടി സർവ്വീസ് സഹകരണ ബാങ്കിന്റെ എല്ലാ ശാഖകൾക്കും ഇന്ന് അവധി നൽകി. 

LatestDaily

Read Previous

ആകാശപ്പാതക്ക് മുന്തിയ പരിഗണന: ഇ. ചന്ദ്രശേഖരൻ

Read Next

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് തകർന്ന് കുടിയേറ്റ തൊഴിലാളി മരിച്ചു രണ്ടു പേർക്ക് ഗുരുതരം