വാട്ട്സാപ്പ് നീല: കെപിസിസി വിശദീകരണം തേടി

അന്വേഷണം മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ കൃഷ്ണന്റെ പരാതിയിൽ

ബേക്കൽ: കാസർകോട് ഡിസിസി എന്ന നാമത്തിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ കിടപ്പറ രംഗങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കെപിസിസി കാസർകോട് ഡിസിസിയോട് വിശദീകരണം തേടി.

ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ഉദുമയിലെ ഗീതാകൃഷ്ണനാണ് ഡിസിസി ഗ്രൂപ്പിൽ പുറത്തുവന്ന നീലച്ചിത്രം സംബന്ധിച്ച് കെപിസിസിക്ക് പരാതി അയച്ചത്. സംഭവത്തിനുത്തരവാദികളായ വാട്ട്സാപ്പ് കൂട്ടായ്മയ്ക്ക് പിന്നിൽ കരുക്കൾ നീക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഗീതാകൃഷ്ണന്റെ പരാതിയിൽ കെപിസിസി നേതൃത്വം ഇടപെട്ടതായി കാസർകോട് ഡിസിസി വൃത്തങ്ങൾ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

പച്ചയായ കിടപ്പറ രംഗങ്ങൾ പ്രത്യക്ഷപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പ് ഉടൻ പിരിച്ചു വിടാൻ സംഘടനാ ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഏ. ഗോവിന്ദൻ നായർ ആരോപണവിധേയരായ വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരായ കോട്ടിക്കുളത്തെ വി.ആർ. വിദ്യാസാഗറിനും, സുകുമാരൻ പൂച്ചക്കാടിനും കത്തു നൽകുകയും ചെയ്തിട്ടുണ്ട്.

ഇതനുസരിച്ച് ഇന്നലെ തന്നെ നീല പുറത്തുവന്ന ഡിസിസി  വാട്ട്സാപ്പ് ഗ്രൂപ്പ്  വാട്ട്സാപ്പ് സ്ക്രീനിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. കാസർകോട് ഡിസിസിക്ക് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പ് നിലവിലുണ്ട്. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ അഡ്മിനായ ഗ്രൂപ്പാണിത്.

ഈ ഗ്രൂപ്പിന് പുറമെയാണ് കോൺഗ്രസ്സിൽ ഏക്കാലത്തും വിവാദ നായകനായ വി.ആർ. വിദ്യാസാഗർ അഡ്മിനായി മറ്റൊരു ഗ്രൂപ്പുണ്ടാക്കിയത്. ഈ ഗ്രൂപ്പിൽ രണ്ടാം അഡ്മിനാക്കുക വഴി സുകുമാരൻ പൂച്ചക്കാടിനെയും, വിദ്യാസാഗർ കെണിയിൽ കുരുക്കി. നീല പുറത്തുവിട്ട ഗ്രൂപ്പിൽ ഹക്കീം കുന്നിലിനെയും, എം. അസിനാറിനെയും ഉദുമ ഞെക്ളിയിലെ ഭക്തവത്സലനേയും വിദ്യാസാഗർ അഡ്മിൻമാരാക്കിയിരുന്നുവെങ്കിലും, ഹക്കീമും, എം. അസിനാറും ഇപ്പോഴും നീല ഗ്രൂപ്പിൽ അംഗങ്ങളാണെന്ന കാര്യം ഇപ്പോഴും അറിയില്ലെന്ന് പറയുന്നു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും മാത്രം അടങ്ങുന്നതാണ് ഡിസിസിയുടെ ഔദ്യോഗിക ഗ്രൂപ്പ്. നീല പുറത്തുവന്ന ഗ്രൂപ്പിന് രൂപം നൽകിയത് വി.ആർ. വിദ്യാസാഗറാണ്. ഈ ഗ്രൂപ്പ് കൈകാര്യം ചെയ്തത് സുകുമാരൻ പൂച്ചക്കാടാണ്.

തൽസമയം മെയ് 24-ന് രാത്രി 12 മണിയോടെ ഈ ഗ്രൂപ്പിൽ കിടപ്പറ രംഗം കയറ്റിവിട്ട സംഭവം സുകുമാരൻ പൂച്ചക്കാട് അറിയുന്നത് പിറ്റേദിവസം നീലച്ചിത്രം കണ്ട മഹിളാ കോൺഗ്രസ് പ്രവർത്തകരടക്കമുള്ളവർ വിളിച്ചു ചോദിച്ചപ്പോഴാണ്. വിദ്യാസാഗറിന്റെ ഗ്രൂപ്പ് രണ്ടു വർഷമായി കോൺഗ്രസ്സിന് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നുണ്ടെന്ന കാര്യം അറിയാമായിരുന്നിട്ടും, ഡിസിസിക്ക് അതേ പേരിൽ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പുണ്ടായിട്ടും, വിദ്യാസാഗറിന്റെ ഗ്രൂപ്പ് പിരിച്ചു വിടണമെന്ന ആവശ്യം ഡിസിസി ഉന്നയിച്ചത് നീലച്ചിത്രം പുറത്തു വന്നപ്പോഴാണ്.

പാലക്കുന്നിലെ ഒരു  സ്വകാര്യ ലോഡ്ജിൽ താമസിക്കുന്ന മാഹി കോൺഗ്രസ്സ് പ്രവർത്തകന്റെ സെൽഫോണിൽ വന്നുപെട്ട കിടപ്പറ രംഗങ്ങളിൽ നിന്ന് ഒരു മിനുറ്റ് ദൈർഘ്യമുള്ള കാതലായ  ക്ലിപ്പിംഗ്സ് ആണ് വി.ആർ. വിദ്യാസാഗർ അഡ്മിനായ ഡിസിസി വാട്ട്സാപ്പ് ഗ്രൂപ്പിൽ കയറ്റിവിട്ടത്.

LatestDaily

Read Previous

പെയ്ഡ് ക്വാറന്റീൻ പുനഃപരിശോധിക്കണം

Read Next

ഒറ്റനമ്പർ ആപ്പിലേക്ക് മാറി