വാട്ട്സാപ്പ് നീല: ബ്ലോക്ക് കോൺ. സെക്രട്ടറിയോട് വിശദീകരണം തേടും

ബേക്കൽ: കാസർകോട് ഡിസിസി വാട്ട്സാപ്പ് കൂട്ടായ്മയിൽ നീലച്ചിത്രം കയറ്റിവിട്ട നടപടിയിൽ, ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ രണ്ടാം അഡ്മിനായ സുകുമാരൻ പൂച്ചക്കാടിനോട് ഡിസിസി വിശദീകരണം തേടും. കോൺഗ്രസ് ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ് സുകുമാരൻ പൂച്ചക്കാട്. പച്ചയായ കിടപ്പറ രംഗങ്ങൾ പ്രത്യക്ഷപ്പെട്ട ഡിസിസി വാട്ട്സാപ്പ് കൂട്ടായ്മയുടെ ഒന്നാം അഡ്മിൻ ഡിസിസി ജനറൽ സെക്രട്ടറി കോട്ടിക്കുളത്തെ വി.ആർ.വിദ്യാസാഗറാണ്. വിദ്യാസാഗറിനോട് വിശദീകരണം തേടേണ്ടത് കെപിസിസിയാണ്. കഴിഞ്ഞ രണ്ടു വർഷക്കാലമായി സമൂഹ മാധ്യമ രംഗത്ത് ഓടിക്കൊണ്ടിരിക്കുന്ന ഈ വാട്ട്സാപ്പ് കൂട്ടായ്മ നീലച്ചിത്രം  പുറത്തുവിട്ട  ആരോപണത്തോടെ ഇതിനകം പിരിച്ചു വിട്ടുകഴിഞ്ഞു. കാസർകോട് ഡിസിസി എന്ന പേരിലുള്ള വാട്ട്സാപ്പ് കൂട്ടായ്മയിൽ മഹിളാ കോൺഗ്രസ് ഭാരവാഹികളും,കോൺ. പ്രവർത്തകരുമടക്കം ഇരുന്നൂറ്റി അമ്പതോളം പേരുണ്ടായിരുന്നു. വി.ആർ. വിദ്യാസാഗറിന്റെ സന്തത സഹചാരിയും കോൺ. പ്രവർത്തകനും, ഖത്തർ പ്രവാസിയും കോട്ടിക്കുളം സ്വദേശിയുമായ ടി.ആർ. കൃഷ്ണന് സംഭവിച്ച അബദ്ധമാണ് ഡിസിസി വാട്ട്സാപ്പിൽ

ഇതിനകം വൈറലായിത്തീർന്ന നീലച്ചിത്രമെന്ന് ഈ വാട്ട്സാപ്പ് കൂട്ടായ്മയുടെ രണ്ടാം അഡ്മിൻ  സുകുമാരൻ പൂച്ചക്കാട് പറഞ്ഞു. മെയ് 24-ന് ഞായർ പെരുന്നാൾ ദിവസം ഉച്ചയ്ക്ക് 1-42 മണിക്കാണ് നീലച്ചിത്രം വാട്ട്സാപ്പ് കൂട്ടായ്മയിൽ കയറിയതെന്നും, 2 മണിയോടെ തന്നെ സംഭവം ഗ്രൂപ്പിൽ  നിന്ന് ഡിലീറ്റ് ചെയ്തുവെന്നും സുകുമാരൻ വെളിപ്പെടുത്തി. നീലച്ചിത്രം വാട്ട്സാപ്പിൽ കണ്ട മഹിളാ കോൺഗ്രസ് നേതാവ് ഗീതാ കൃഷ്ണൻ സംഭവത്തെക്കുറിച്ച് സംഘടനാ ചുമതലയുള്ള കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഏ. ഗോവിന്ദൻ നായരോട് പരാതി പറയുകയും, ഗോവിന്ദൻ നായർ  ഇക്കാര്യം അപ്പോൾ തന്നെ കെപിസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവരത്തിന്റെ വെളിച്ചത്തിലാണ് നീലയെക്കുറിച്ച് അന്വേഷണം നടത്താൻ കെപിസിസി നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ഗീതാ കൃഷ്ണൻ സംഭവത്തെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിരുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഏ.ഗോവിന്ദൻ നായർ ലേറ്റസ്റ്റിനോട് പറഞ്ഞു.

ലേറ്റസ്റ്റിനെതിരെ ആരോപണവുമായി വിദ്യാസാഗർ

ബേക്കൽ: കാസർകോട് ഡിസിസിയുടെ പേരിൽ ചിട്ടപ്പെടുത്തിയ വാട്ട്സാപ്പ് കൂട്ടായ്മയിൽ നീലച്ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിലുള്ള നാണക്കേടകറ്റാൻ ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ  ലേറ്റസ്റ്റ് പത്രത്തിനെതിരെ ആരോപണവുമായി രംഗത്തു വന്നു. നീലച്ചിത്രം വാർത്ത പുറത്തു വിടാതിരിക്കാൻ പാലക്കുന്നിലുള്ള ലേറ്റസ്റ്റിന്റെ അഭ്യുദയകാംക്ഷി പണം ആവശ്യപ്പെട്ടുവെന്ന് വിദ്യാസാഗർ സ്വന്തം  ഫേസ്ബുക്കിൽ കുറിച്ചു. മുഖം ചീത്തയായതിന്  വിദ്യാസാഗർ കണ്ണാടി തല്ലിയുടയ്ക്കുകയാണ് ചെയ്യുന്നതെന്ന് ”ലേറ്റസ്റ്റ് പണം ചോദിച്ചുവെന്ന” ആരോപണത്തോട് പ്രതികരിച്ച ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് വെളിപ്പെടുത്തി. നീലച്ചിത്ര വാർത്താ വിഷയത്തിൽ വിദ്യാസാഗറിനോട് ലേറ്റസ്റ്റിന്റെ ഏതെങ്കിലുമൊരു അഭ്യുദയകാംക്ഷി പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ആ അഭ്യുദയകാംക്ഷിയുടെ പേരു വിവരങ്ങൾ വിദ്യാസാഗർ എത്രയും പെട്ടെന്ന് സ്വന്തം  ഫേസ്ബുക്കിൽ തന്നെ വെളിപ്പെടുത്താനുള്ള ചങ്കൂറ്റം  കാണിക്കണം. ലേറ്റസ്റ്റിന്റെ ഉത്തരവാദപ്പെട്ടവർ അറിയാതെ വാർത്തയുടെ പേരിൽ പണം ആവശ്യപ്പെട്ട അഭ്യുദയകാംക്ഷി ആരെന്നറിയാൻ  താൽപ്പര്യമുണ്ടെന്നും പത്രാധിപർ ആവശ്യപ്പെട്ടു. വിദ്യാസാഗറുമായി ലേറ്റസ്റ്റിന് യാതൊരു ബന്ധവുമില്ല. ശത്രുതയുമില്ല. അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചപ്പോൾ,  ലേറ്റസ്റ്റ് പരസ്യം ചോദിച്ചിരുന്നുെവന്നും, പരസ്യം നൽകാതിരുന്നതിനാലാണ് ഇപ്പോൾ വിദ്യാസാഗർ ഉൾപ്പെട്ട നീലച്ചിത്ര വാർത്ത പ്രചരിപ്പിച്ചതെന്നും, രണ്ടു ദിവസം മുമ്പ് ഫേസ്ബുക്കിൽ കുറിച്ചിട്ട വിദ്യാസാഗർ ഇന്നലെകുറിച്ചത്  അഭ്യുദയകാംക്ഷി പണമാവശ്യപ്പെട്ടുവെന്നാണ്. ലേറ്റസ്റ്റ് വിദ്യാസാഗറിന് എതിരെ നീലച്ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളെല്ലാം നൂറു ശതമാനം സത്യസന്ധമാണെന്ന് പത്രാധിപർ വെളിപ്പെടുത്തി. വിദ്യാസാഗർ പത്രത്തിനെതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണം ”കാടടച്ചുവെച്ച വെടിയാണ്”.  ഇത് ഒരു യഥാർത്ഥ പൊതു പ്രവർത്തകന് ഒട്ടും ചേർന്നതല്ല. നാലു പതിറ്റാണ്ടു കാലം വായനക്കാരുമായി നിരന്തരം ഇടപഴകിയ ലേറ്റസ്റ്റിന് ഈ കാലയളവിൽ  വാർത്തകൾ മൂടിവെക്കാൻ വിദ്യാസാഗർ നേരിട്ടോ, ദൂതർ വഴിയോ,  എത്ര പണം  നൽകിയിട്ടുണ്ടെന്ന്  ചങ്കൂറ്റമുണ്ടെങ്കിൽ വെളിപ്പെടുത്തണമെന്നും പത്രാധിപർ ആവശ്യപ്പെട്ടു.

LatestDaily

Read Previous

എം.പി. വീരേന്ദ്രകുമാർ അന്തരിച്ചു

Read Next

അഞ്ജനയുടെ മരണത്തിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് ഗോവ പോലീസ്