ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: പാർട്ടിയുടെ ചിഹ്നം ആർക്ക് ലഭിക്കണം എന്ന വിഷയത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് വ്യക്തമാക്കി. ശിവസേന ചിഹ്നമായ അമ്പും വില്ലും തങ്ങളുടേതാണെന്ന് ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം യഥാർത്ഥ പാർട്ടിക്ക് പുറത്താണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ പക്ഷത്തിന്റെ വാദം.
ചിഹ്നം സംബന്ധിച്ച വിഷയത്തിൽ താക്കറെ വിഭാഗത്തിന്റെ അഭിപ്രായം തെരഞ്ഞെടുപ്പ് കമ്മീഷൻ തേടിയിരുന്നു. ഏക്നാഥ് ഷിൻഡെ വിഭാഗം ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണിത്. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനത്തിന് പ്രാധാന്യമുണ്ട്. താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് ബിജെപി പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം അധികാരം പിടിച്ചെടുത്തത്. ഭൂരിഭാഗം എം.എൽ.എമാരും ഷിൻഡെ വിഭാഗത്തിനൊപ്പം പോയതോടെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായത്.
സാങ്കേതികമായി ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ തലപ്പത്ത്. അയോഗ്യത സംബന്ധിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഷിൻഡെ വിഭാഗത്തിനൊപ്പം നിൽക്കുന്ന എംഎൽഎമാരുടെ എണ്ണം പരിഗണിക്കരുതെന്ന് ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ആരാണ് യഥാർത്ഥ ശിവസേന എന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ യഥാർത്ഥ പിൻഗാമികളാണ് തങ്ങളെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നു.