ശുദ്ധീകരിച്ച കുടിവെള്ളത്തിൽ അണുക്കൾ; നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃകോടതി വിധി

കാഞ്ഞങ്ങാട്: വാട്ടർ ട്രീന്റ്മെന്റ് പ്ലാന്റ് സിസ്റ്റം സ്ഥാപിച്ചിട്ടും, കുടിവെള്ളം ശുദ്ധീകരിക്കപ്പെടാത്തതിനെ തുടർന്ന് ഉപഭോക്തൃ കോടതിയെ സമീപിച്ച ഉപഭോക്താവിന് ഒടുവിൽ അനുകൂല വിധി.  പരാതിക്കാരന് മുതലും പലിശയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു.

തന്നെ വഞ്ചിച്ച സ്ഥാപനത്തിനെതിരെ കഴിഞ്ഞ അഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടത്തിനുശേഷമാണ് ആവിക്കര സ്വദേശി അബ്ദുൾ റസാഖ് കൂളിയങ്കാലിന് 62, അനുകൂല വിധിയുണ്ടായത്. കാഞ്ഞങ്ങാട് ടിബി റോഡിൽ പ്രവർത്തിക്കുന്ന കൃപാസ് ഇന്നോവെറ്റീവ് ടെക്നോളജി എന്ന സ്ഥാപനത്തിൽ നിന്നും 39000 രൂപ മുടക്കി അബ്ദുൾ റസാഖ് 2016 മാർച്ച് മാസത്തിൽ ആവിക്കരയിലെ വീട്ടിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിരുന്നു.

കുടിവെള്ളം അണുമുക്തമാക്കുന്നതിനാണ് അബ്ദുൾ റസാഖ്, കുടിവെള്ള പ്ലാന്റ് സ്ഥാപിച്ചതെങ്കിലും, കുടിവെള്ള ശുദ്ധീകരണ യന്ത്രം സ്ഥാപിച്ചശേഷം വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടു.  വിവരം കൃപാസ് സ്ഥാപനമുടമയെ അറിയിച്ചെങ്കിലും, ജലശുചീകരണയന്ത്രം മാറ്റി സ്ഥാപിക്കാനോ, തകരാറ് പരിഹരിക്കാനോ സ്ഥാപനം കൂട്ടാക്കിയില്ല. ഇതോടെയാണ് അബ്ദുൾ റസാഖ് സ്ഥാപനത്തിനെതിരെ നിയമ പോരാട്ടമാരംഭിച്ചത്. കൃപാസ് സ്ഥാപനം വീട്ടിൽ സ്ഥാപിച്ചു നൽകിയ വാട്ടർ പ്യൂരിഫയറിൽ ശുദ്ധീകരിച്ച വെള്ളം കാസർകോട്ടെ ഗവ. അംഗീകൃത ലബോറട്ടറിയിലേക്ക് അയച്ചപ്പോൾ, ശുചീകരിച്ച വെള്ളത്തിൽ മാരകമായ അണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തി.

തുടർന്ന് അബ്ദുൾ റസാഖ് ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ ടി.വി. രാജേന്ദ്രൻ വഴി കാസർകോട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. സ്ഥാപനമുടമ കിഷോർകുമാർ കോടതിയിൽ ഹാജരായി പരാതിക്കാരന്റെ വാദം തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും, അബ്ദുൾ റസാഖിന് അനുകൂലമായ വിധിയാണുണ്ടായത്.

വാട്ടർ ട്രീറ്റ്മെന്റ്, പ്ലാന്റ് സിസ്റ്റം സ്ഥാപിക്കുന്നതിന് സ്ഥാപനം ഈടാക്കിയ 39000 രൂപയും തുകയുടെ പലിശയും 15000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവും നൽകാനാണ് ഉപഭോക്തൃ കോടതിവിധി. ഉപഭോക്തൃ കോടതിയിലെത്തുന്ന പരാതികളിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയായി വിധി പുറപ്പെടുവിക്കണമെന്നാണ് ചട്ടമെങ്കിലും, അബ്ദുൾ റസാഖിന് നീതി ലഭിക്കാൻ നിയമപോരാട്ടം നടത്തേണ്ടി വന്നത് നീണ്ട അഞ്ച് വർഷമാണ്. എതിർകക്ഷി ഇടവിട്ട് കോടതിയിൽ ഹാജരാവാത്തതും സാങ്കേതിക കാരണങ്ങളുമാണ് വിധി വൈകാനിടയാക്കിയത്. വൈകിയാണെങ്കിലും, കോടതിയിൽ നിന്നും നീതി ലഭിച്ച ആശ്വാസത്തിലാണ് അബ്ദുൾ റസാഖ്.

LatestDaily

Read Previous

സ്വർണ്ണപ്പാത്രം കൊണ്ട് മൂടിയാലും സത്യം പുറത്തുവരും

Read Next

ഉദുമ ഭർതൃമതിയെ പീഡിപ്പിച്ച കേസ് വഴിത്തിരിവിൽ ഭർതൃബന്ധുക്കളും ബലാത്സംഗം ചെയ്തുവെന്ന് യുവതി