പെരിയാറിലെ ജലനിരപ്പുയർന്നു: ആലുവ ശിവക്ഷേത്രം മുങ്ങി

എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ പുളിന്താനത്ത് വീടുകളില്‍ വെള്ളം കയറുന്നു. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്.

പെരിയാർ തീരത്തുള്ള കോടനാട് എലെഫന്റ്റ് പാസ് റിസോർട്ടിന് ചുറ്റും വെള്ളം കയറി. 7 പേർ ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഫയർഫോഴ്സ് എത്തി ഡിങ്കി വഞ്ചിയിൽ ഇവരെ സുരക്ഷിതമായി എത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. അതേസമയം മൂവാറ്റുപുഴയാർ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. കൊച്ചങ്ങാടി, ഇലാഹിയ കോളനി, ഏട്ടങ്ങാടി എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.കോതമംഗലത്ത് ആലുവ – മൂന്നാർ റോഡിൽ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി. ഇന്ന് പുലർച്ചെ മുതൽ ആണ് വെള്ളം ഉയർന്നത്. കടകളിലും സമീപത്തെ ഏതാനും വീടുകളിലും വെള്ളം കയറി.

വിവിധ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിൽ അടിയന്തര സാഹചര്യം നേരിടാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ നിർദ്ദേശം നൽകി. അപകടകരമായ അവസ്ഥയിൽ കഴിയുന്ന എല്ലാവരെയും ഒഴിപ്പിക്കും. ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റിന്‍റെയും മഴയുടെയും പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് എത്രയും വേഗം മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

K editor

Read Previous

മഴ ; സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു

Read Next

പത്തനംതിട്ടയില്‍ അതിതീവ്ര മഴ; 48 മണിക്കൂറില്‍ പെയ്തത് 213 എംഎം മഴ