വഖഫ് ഭൂമി കൈമാറ്റത്തിന് പിന്നിൽ മാഫിയാ രാഷ്ട്രീയമെന്ന് സിപിഎം

കാഞ്ഞങ്ങാട്: ലീഗ് എംഎൽഏ, എം.സി. ഖമറുദ്ദീൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തട്ടിയെടുത്ത തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിൽ ലീഗിന്റെ സംസ്ഥാന നേതൃത്വം പ്രതികരിക്കണമെന്ന് സിപിഎം.

വഖഫ് ഭൂമി അന്യാധീനപ്പെടുന്നതിനെതിരെ ഐഎൻഎൽ സംസ്ഥാനക്കമ്മിറ്റി നടത്തിയ വെബിനാറിൽ സംബന്ധിച്ച് സംസാരിച്ച സിപിഎം പ്രതിനിധികളാണ് ഈ ആവശ്യമുന്നയിച്ചത്.

ഇസ്്ലാം മതവിശ്വാ സികൾ പരിപാവനമായി കാണുന്ന ദാനധർമ്മങ്ങളിലൂടെ സമാഹരിച്ച വഖഫ് സ്വത്ത് തട്ടിപ്പിലൂടെ സ്വന്തമാക്കിയ സ്വകാര്യ ട്രസ്റ്റിനെതിരെ ലീഗ് സംസ്ഥാന നേതൃത്വമാണ് നടപടിയെടുക്കേണ്ടതെന്ന് വെബിനാറിൽ പങ്കെടുത്ത ജില്ലാ ഇടതുമുന്നണി കൺവീനറും, സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.പി. സതീഷ്ചന്ദ്രൻ അഭിപ്രായപ്പെട്ടു.

ജില്ലയിൽ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ ലീഗ് സംസ്ഥാനക്കമ്മിറ്റി പുലർത്തുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി തട്ടിപ്പ് കേസിൽ ഉൾപ്പെടുന്നതെന്നും കെ.പി. സതീഷ്ചന്ദ്രൻ അഭിപ്രായപ്പെട്ടു.

വഖഫ് സ്വത്ത് തട്ടിയെടുത്ത  സ്വകാര്യ ട്രസ്റ്റിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും,  ചുളുവിലയ്ക്ക് തട്ടിയെടുത്ത ഭൂമി തിരികെ കൊടുത്താൽ തട്ടിപ്പില്ലാതാകില്ലെന്നും അദ്ദേഹം വെബിനാറിൽ അഭിപ്രായപ്പെട്ടു.

ലീഗിലെ ജനപ്രതിനിധികൾ ഉൾപ്പെട്ട വഖഫ് ഭൂമി കൈമാറ്റം രാഷ്ട്രീയത്തിലെ മാഫിയാവത്ക്കരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. വി.പി.പി. മുസ്തഫ അഭിപ്രായപ്പെട്ടു. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നും, സ്വർണ്ണ നിക്ഷേപത്തട്ടിപ്പിന് പുറമെ, സ്വകാര്യ കോളേജിന്റെ പേരിലും എംഎൽഏ അടങ്ങുന്ന ലീഗ് ജനപ്രതിനിധികൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നും, വിപിപി മുസ്തഫ ആരോപിച്ചു.

പാർട്ടിയിലും സമുദായത്തിലുമുള്ള ജനസ്വീകാര്യത മുതലെടുത്താണ് ജ്വല്ലറിയിലേക്കും, കോളേജ് ട്രസ്റ്റിലേക്കും ജനപ്രതിനിധികൾ സംഭാവനകൾ സ്വീകരിച്ചത്.

പ്രവാസികളടക്കമുള്ളവർ വിയർപ്പൊഴുക്കി നേടിയ സമ്പാദ്യത്തിൽ നിന്നും മിച്ചം പിടിച്ച തുകയാണ് ലീഗ് നേതാവിന്റെ ജ്വല്ലറിയിൽ നിക്ഷേപിച്ചത്.  ലീഗ് ജില്ലാ പ്രവർത്തകസമിതിയംഗമായ ടി.കെ. പൂക്കോയ തങ്ങൾ, ലീഗിന്റെ നേതാവും, എംഎൽഏയുമായ എം.സി. ഖമറുദ്ദീൻ എന്നിവരാണ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നിലുണ്ടായിരുന്നത്.

തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ അനാഥ അഗതിമന്ദിരത്തിന്റെ ഭൂമി രേഖയിൽ കൃത്രിമംകാട്ടി നിസ്സാര വിലയ്ക്ക് തട്ടിയെടുത്ത നടപടി രാഷട്രീയത്തിലെ മാഫിയവത്ക്കരണത്തിന്റെ ഉദാഹരണമാണെന്നും, മാഫിയാ രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിർത്താൻ സമുദായ സ്നേഹികളാണ് മുന്നിട്ടിറങ്ങേണ്ടതെന്നും ഡോ. വിപിപി മുസ്തഫ  അഭിപ്രായപ്പെട്ടു.

വഖഫ് ബോർഡിൽ 1997-ൽ 6930-ാം നമ്പറായി റജിസ്റ്റർ ചെയ്ത ജാമിഅ സഅദിയയുടെ സ്വത്തുക്കൾ വഖഫ് ഭൂമിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന എംഎൽഏയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജെംസ് സ്കൂൾ വിൽപ്പനയിൽ പണമിടപാട് നടത്തിയതിന്റെ വിവരങ്ങളോ അക്കൗണ്ട് നമ്പറോ ആധാരത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഭൂമിക്ക് പണം നൽകി എന്ന അവകാശവാദം സംശയകരമാണെന്ന് ഡോ. വിപിപി മുസ്തഫ പറഞ്ഞു.

വഖഫ് ഭൂമി ഇടപാടിൽ പങ്കാളികളായ സ്വകാര്യട്രസ്റ്റിന്റെ ഭാരവാഹിയും, വലിയപറമ്പ് പഞ്ചായത്ത്  പ്രസിഡണ്ടുമായ എം.ടി. ജബ്ബാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇന്നലെ പഞ്ചായത്താഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

LatestDaily

Read Previous

സ്വര്‍ണക്കടത്തിന് തുടക്കം ജനുവരിയിൽ അയച്ചത് കൊച്ചി സ്വദേശി ഫരീദ്

Read Next

കാഞ്ഞങ്ങാട് നഗരത്തിൽ തെരുവ് വിളക്കുകൾ മിക്കതും കത്തുന്നില്ല; ഹൈമാസ്റ്റുകളും കണ്ണടച്ചു