വഖഫ് സ്വത്ത് തട്ടിയെടുത്തവരെ പ്രോസിക്യൂട്ട് ചെയ്യണം: ഐ എൻ എൽ

കാഞ്ഞങ്ങാട്: എം സി ഖമറുദ്ധീൻ  എം എൽ ഏയുടെ  നേതൃത്വത്തിൽ നടത്തിയ വഖഫ്  സ്വത്ത് തട്ടിപ്പ് സംഭവത്തിനുത്തരവാദികളായവരെ  പ്രോസിക്യൂട്ട് ചെയ്ത്  നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് പ്രഫ: അബ്ദുൽ വഹാബും ജനറൽ  സിക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.

1993 ൽ തൃക്കരിപ്പൂരിൽ ആരംഭിച്ചതും 1997 ൽ കേരള വഖഫ് ബോർഡിൽ രജിസ്ട്രർ ചെയ്തതുമായ ജാമിഅ സഅദിയ്യ ഇസ്്ലാമിയ എന്ന വഖഫ് സ്ഥാപനത്തിന്റെ ആറ് കോടി രൂപ വിലമതിക്കുന്ന നാലേക്കർ 15 സെന്റ്  സ്ഥലവും 16,000 ചതുരശ്ര അടി വിസ്താരമുള്ള കെട്ടിടവുമാണ് സ്വകാര്യ ട്രസ്റ്റ് ചെയർമാനായ എം സി ഖമറുദ്ധീന്റെ നേതൃത്വത്തിൽ ചുളുവിലയ്ക്ക് തട്ടിയെടുത്തതെന്ന് വഹാബും കാസിമും ആരോപിച്ചു.

വഖഫ് നിയമങ്ങളുടെയും വ്യവസ്ഥകളുടെയും  നഗ്നമായ ലംഘനമാണ് ഖമറുദ്ധീന്റെ  നേതൃത്വത്തിൽ നടത്തിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് രജിസ്ട്രർ ചെയ്ത ആധാരത്തിൽ 2.38 ഏക്കർ  ഭൂമിയും 700 ചതുരശ്രഅടി കെട്ടിടവുമാണ് കാണിച്ചിരിക്കുന്നത്. സ്റ്റാമ്പ്  ഡ്യൂട്ടി ഇനത്തിലും  വെട്ടിപ്പ് നടത്തിയെന്നാണ് ഇത് തെളിയിക്കുന്നത്.

അനാഥ- അഗതി മന്ദിരങ്ങൾ സ്ഥാപിക്കാനാണെന്ന് പറഞ്ഞ് ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത  കോടിക്കണക്കിന് രൂപ കൊണ്ട് പണിത പള്ളിയുൾപ്പെടെയുള്ള  വഖഫ്  സ്ഥാപനങ്ങളാണ് കോളേജിന്റെ മറവിൽ തട്ടിയെടുത്തത്.

ആധാരം റദ്ദാക്കി കെട്ടിടം യഥാർത്ഥ ഉടമകൾക്ക് തിരിച്ച് കൊടുക്കാനും  ഗൂഡാലോചനയിലൂടെ വഖഫ് സ്വത്ത് തട്ടിയെടുത്ത എംഎൽഏ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എന്നിവരുൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനും സംസ്ഥാന വഖഫ് ബോർഡും സർക്കാരും  അടിയന്തിര നടപടിയെടുക്കണമെന്ന് ഐ എൻ എൽ നേതാക്കൾ ആവശ്യപ്പെട്ടു.

LatestDaily

Read Previous

യൂത്ത് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്ത പണം ജൂലൈ 31-ന് തിരികെ നൽകാൻ ധാരണ

Read Next

യുവാവിനെ കാണാനില്ല