വഖഫ് ഭൂമി തന്നെ : എംഎൽഏയുടെ വാദം പൊളിഞ്ഞു

കാഞ്ഞങ്ങാട്: എം.സി. ഖമറുദ്ദീൻ എംഎൽഏ ചെയർമാനായ സ്വകാര്യ ട്രസ്റ്റ് തൃക്കരിപ്പൂരിൽ വഖഫ് ഉടമസ്ഥതയിലുള്ള  സ്കൂൾ കെട്ടിടവും അതിനോടനുബന്ധിച്ച സ്ഥലവും ചുളു വിലയ്ക്ക് തട്ടിയെടുത്ത  സംഭവം ഒത്തു തീർക്കാൻ ഏകദേശ ധാരണയായെങ്കിലും, വഖഫ് ബോർഡിന് മുന്നിലെ കേസ് നിലനിൽക്കുമെന്ന് നിയമവൃത്തങ്ങൾ.

ജെംസ് സ്കൂൾ വിൽപ്പന വിവാദമായതിനെത്തുടർന്ന് ഇന്നലെ കോഴിക്കോട് ചേളാരിയിലെ സമസ്ത ആസ്ഥാനത്ത് ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ച നടന്നിരുന്നു. സമസ്ത പ്രസിഡണ്ട്  സയ്യദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച.

വിലയ്ക്കെടുത്ത കെട്ടിടം തിരികെ നൽകാമെന്ന് സ്വകാര്യ ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കിയതോടെ ജെംസ് സ്കൂൾ വഖഫ് സ്വത്തല്ലെന്ന എം.സി. ഖമറുദ്ദീൻ എംഎൽഏയുടെ വാദമാണ് പൊളിഞ്ഞു. ജെംസ് സ്കൂൾ വഖഫ് സ്വത്താണെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച എംഎൽഏ സ്വത്തിടപാടിനെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങളെ കോടതി കയറ്റുമെന്നും പറഞ്ഞിരുന്നു.

വിലയ്ക്കുവാങ്ങിയ ഭൂമിയും കെട്ടിടങ്ങളും തിരിച്ചു നൽകാമെന്ന് സമ്മതിച്ചതു വഴി ഇടപാടിൽ കൃത്രിമം നടന്നെന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞതായി ഈ വിഷയത്തിലെ പരാതിക്കാരനായ അഡ്വ. സി. ഷുക്കൂർ പറഞ്ഞു. വാങ്ങിയ ഭൂമിയും കെട്ടിടവും തിരികെ നൽകിയാലും വഖഫ് ബോർഡിന് മുന്നിലുള്ള കേസ് നിയമപരമായി നിലനിൽക്കുക തന്നെ ചെയ്യും.

വഖഫ് സ്വത്ത് തട്ടിയെടുത്ത വിഷയത്തിൽ ബോർഡിനു മുന്നിലുള്ള കേസിൽ ഒത്തു തീർപ്പുണ്ടാകണമെങ്കിൽ വഖഫ് ബോർഡ് തന്നെ കനിയണം. അതിന് കാലതാമസമുണ്ടാകുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.

തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്്ലാമിയ അനാഥ അഗതി മന്ദിരത്തിന്റെ സ്കൂളും അതിനോടനുബന്ധിച്ചുള്ള സ്ഥലവും വഖഫ് സ്വത്തല്ലെന്ന് എം.സി. ഖമറുദ്ദീന്റെ വാദമാണ് ഇന്നലെ ചേളാരിയിൽ നടന്ന ഒത്തുതീർപ്പിലൂടെ പൊളിഞ്ഞത്.

ഇന്നലെ സമസ്ത ആസ്ഥാനത്ത് നടന്ന ചർച്ചയിൽ തൃക്കരിപ്പൂരിലെ  സ്വകാര്യ ട്രസ്റ്റ് ഭാരവാഹികളായ എം.സി. ഖമറുദ്ദീൻ എംഎൽഏ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി. ബഷീർ, ജാമിയ സഅദിയ്യ സെക്രട്ടറി മാണിയൂർ അഹമ്മദ് മൗലവി, പരാതിക്കാരിലൊരാളും, എസ്കെഎസ്എസ്എഫ് ഭാരവാഹിയുമായ താജുദ്ദീൻ ദാരിമി എന്നിവരും പങ്കെടുത്തിരുന്നു.

LatestDaily

Read Previous

കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സൗദി ഇന്ത്യന്‍ എംബസി

Read Next

ഹോട്ടൽ മുറിയിൽ യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് മുങ്ങി