വഖഫ്ഭൂമി വാങ്ങിയ എംഎൽഏയെ വെള്ളപൂശി ലീഗ് നേതാവ്

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ ജാമിഅ സഅദിയ്യ ഇസ്്ലാമിയ അധീനതയിലുള്ള ഭൂമി സ്വകാര്യ ട്രസ്റ്റിന്  രഹസ്യമായി കൈമാറിയ വിഷയത്തിൽ മഞ്ചേശ്വരം എംഎൽഏ, എം.സി. ഖമറുദ്ദീനെ വെള്ളപൂശി ലീഗ് ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പ്.

ഭൂമി കൈമാറ്റ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയെ പ്രതിരോധിച്ചു കൊണ്ട് മുസ്്ലീം ലീഗ് ജില്ലാ സെക്രട്ടറി ഏ.അബ്ദുൾ റഹ്മാനാണ് രംഗത്തു വന്നിരിക്കുന്നത്.

സമസ്തയുടെ കീഴിലുള്ള ജാമിഅ സഅദിയ ഇസ്്ലാമിയയുടെ ഭൂമിയും സ്വത്തു വകകളും വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യപ്പെട്ടതാണ്. 6 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് ജാമിഅ സഅദിയയുടെ പ്രസിഡണ്ട് ടി.കെ. പൂക്കോയ തങ്ങൾ 3 ലക്ഷം രൂപയ്ക്ക് തൃക്കരിപ്പൂരിലെ സ്വകാര്യ ട്രസ്റ്റ് ചെയർമാൻ എം.സി. ഖമറുദ്ദീൻ എംഎൽഏയ്ക്ക് രഹസ്യമായി റജിസ്റ്റർ ചെയ്തു കൊടുത്തത്.

ഈ ഭൂമി ഇടപാട് ഇരുകൂട്ടരും പരസ്പരം ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്നാണ് ലീഗ് ജില്ലാ സെക്രട്ടറി പത്രക്കുറിപ്പിലൂടെ അവകാശപ്പെടുന്നത്. ഭൂമി വിൽപ്പന സമസ്ത ജില്ലാ നേതാക്കളുടെ അറിവോടെയാണെന്നാണ് ലീഗ് ജില്ലാ സെക്രട്ടറിയുടെ അവകാശവാദം. അതേ സമയം, സമസ്തയുടെ കീഴിലുള്ള എസ്.കെ.എസ്.എസ്. എഫിന്റെ സംസ്ഥാന ഭാരവാഹിയായ പി.കെ. താജുദ്ദീൻ ദാരിമിയാണ് സ്വത്ത് കൈമാറ്റത്തിനെതിരെ വഖഫ് ബോർഡിന് പരാതി കൊടുത്തതെന്നത് ലീഗ് ജില്ലാ സെക്രട്ടറി മറച്ചുവെക്കുന്നു.

ഭൂമി കൈമാറ്റത്തിനെതിരെ പരാതി കൊടുത്ത അഡ്വ. സി. ഷുക്കൂറിനെതിരെയും പത്രക്കുറിപ്പിൽ  പരാമർശമുണ്ട്.ലീഗിലൂടെ എല്ലാ സൗഭാഗ്യങ്ങളും ഊറ്റിയെടുത്ത് മറുകണ്ടം ചാടിയ വക്കീലിന്റെ നുണ കേട്ടാണ്  സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എന്നാണ്  ലീഗ് ജില്ലാ സെക്രട്ടറിയുടെ ആരോപണം.

തൃക്കരിപ്പൂർ ജെംസ് സ്കൂൾ കൈമാറ്റത്തിനെതിരെ വഖഫ് ബോർഡിൽ പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭൂമി വഖഫിന്റേതാണെന്ന് കണ്ടെത്തിയിരുന്നു.ഭൂമി കൈമാറ്റ ഇടപാടിൽ പങ്കാളികളായ ടി.കെ. പൂക്കോയ തങ്ങൾക്കും, എം.സി. ഖമറുദ്ദീനുമടക്കം വഖഫ് ബോർഡ് നോട്ടീസും അയച്ചിരുന്നു.

രഹസ്യമായി നടത്തിയ റജിസ്ട്രേഷൻ നടപടിയിൽ ജില്ലാ റജിസ്ട്രാർക്ക് ലഭിച്ച് പരാതിയിൽ അന്വേഷണം നടന്നു വരികയാണ്. ഈ വിവരങ്ങളൊക്കെ മറച്ചു വെച്ചാണ് ലീഗ് ജില്ലാ സെക്രട്ടറി പാർട്ടി നേതാവും എംഎൽഏയുമായ എം.സി. ഖമറുദ്ദീനെ വെള്ളപൂശി ഇന്ന്  പ്രസ്താവന ഇറക്കിയത്.

മഞ്ചേശ്വരം എംഎൽഏയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, നാഷണൽ യൂത്ത് ലീഗ് എന്നീ സംഘടനകൾ  കഴിഞ്ഞ ദിവസങ്ങളിൽ പ്രക്ഷോഭം നടത്തിയിരുന്നു. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്  വിവാദത്തിന് പുറമെയാണ് എം.സി. ഖമറുദ്ദീൻ ഭൂമി വിവാദത്തിൽക്കൂടി ഉൾപ്പെട്ടത്.

സമസ്ത ആസ്ഥാനമായ ചേളാരിയിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ, വാങ്ങിയ ഭൂമി തിരികെ നൽകാമെന്ന് എംഎൽഏ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുമ്പോഴാണ്  ലീഗ് ജില്ലാ സെക്രട്ടറി എം.സി.ഖമറുദ്ദീന്റെ മുഖം മിനുക്കാൻ ഏ.അബ്ദുൾ റഹിമാൻ പ്രസ്താവനയുമായി രംഗത്തിറങ്ങിയത്.

LatestDaily

Read Previous

വെൽഫെയർ പാർട്ടിയുമായി സഹകരിക്കും: മുസ്്ലീംലീഗ്

Read Next

സ്വർണ്ണം കള്ളക്കടത്ത് നിലച്ചു സ്വർണ്ണവില കുതിച്ചു