വഖഫ് ഭൂമി തട്ടിപ്പിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം ഇന്ന്

കാഞ്ഞങ്ങാട്: തൃക്കരിപ്പൂരിലെ വഖഫ് ഭൂമി തട്ടിപ്പിലുൾപ്പെട്ട എം സി ഖമറുദ്ദീൻ എം എൽ ഏ അടക്കമുള്ള ജനപ്രതിനിധികൾക്കെതിരെ നടപടിയാവശ്യപ്പെട്ട്  ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന പ്രതിഷേധം ഇന്ന്  നടക്കും.

ജില്ലയിലെ 12 ബ്ലോക്ക് കേന്ദ്രങ്ങളിലാണ്  എംഏൽഏ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് ജന പ്രതിനിധികൾ എന്നിവർക്കെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരമാണ് പ്രതിഷേധ യോഗങ്ങൾ നടക്കുന്നത്.

തൃക്കരിപ്പൂർ മണിയനോടിയിലെ അനാഥ അഗതി മന്ദിരത്തിന്റെ  ഭൂമി നിസ്സാര വിലയ്ക്ക് തട്ടിയെടുത്ത സ്വകാര്യ ട്രസ്റ്റിന്റെ ഭാരവാഹികളായ എം. സി. ഖമറുദ്ദീൻ എം എൽ ഏ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.  ബഷീർ, വലിയപറമ്പ്  പഞ്ചായത്ത് പ്രസിഡന്റ്  എം.ടി. ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ വി.കെ.  ബാവ എന്നിവർക്കെതിരെയാണ്  ഡി വൈ എഫ് ഐ പ്രതിഷേധം.

സത്യപ്രതിഞ്ജാ ലംഘനം നടത്തിയ ജനപ്രതിനിധികൾ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന് പിറകെയാണ് ബ്ലോക്ക് കമ്മിറ്റികളും വിഷയം ഏറ്റെടുത്ത് സമരരംഗത്തിറങ്ങിയിരിക്കുന്നത്.

Read Previous

കരിവെള്ളൂരില്‍ മോഷണം പോയ സ്‌കൂട്ടര്‍ കൊയിലാണ്ടിയില്‍

Read Next

സുഭിക്ഷ കേരളം പദ്ധതി: ഒന്നര മാസത്തിനകം ലഭിച്ചത് 2800 ഏക്കര്‍ ഭൂമി