വാഴനട്ടു പ്രതിഷേധിച്ച പാർട്ടി പ്രവർത്തകർക്ക് എതിരെ വി. വി. രമേശൻ പോലീസിൽ പരാതി നൽകി

കാഞ്ഞങ്ങാട്:  അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് പിറകിൽ  രാജ് റസിഡൻസി ബാറിന് മുന്നിലൂടെ തെക്കോട്ടു പോകുന്ന ഫ്രൻഡ്സ് ക്ലബ്ബ് റോഡിലെ ആന വാരിക്കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ച സിപിഎം പ്രവർത്തകർക്ക് എതിരെ വാർഡ് കൗൺസിലർ വി. വി. രമേശൻ നഗരസഭ സിക്രട്ടറിക്ക് പരാതി നൽകി. മുൻ ചെയർമാൻ കൂടിയായ രമേശന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നാലു ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിലാണ് വാഴനട്ട് പ്രതിഷേധിച്ചുവെന്നതിന് രമേശൻ പരാതി നൽകിയത്. രമേശന്റെ വാർഡ് 17–ലുള്ള ഇതര റോഡുകളെല്ലാം നേരത്തെ   കോൺക്രീറ്റ് റോഡുകളാക്കി മാറ്റിയപ്പോൾ, സ്ഥലത്തെ സിപിഎം പ്രവർത്തകർ കെട്ടിപ്പടുത്ത ഫ്രൻഡ്സ് ക്ലബ്ബ് റോഡിനോട് രമേശന് തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയുമാണ്. ഇതേതുടർന്നാണ് പാർട്ടി അംഗങ്ങളും സ്ഥലവാസികളുമായ യുവാക്കൾ കോവിഡ് കാലത്ത് റോഡിലെ വാരിക്കുഴിയിൽ വാഴ നട്ട് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ പടർന്നു പിടിച്ചപ്പോൾ, വി. വി. രമേശൻ വാട്ട്സാപ്പിൽ ലൈവിൽ വരികയും, റോഡ് നന്നാക്കേണ്ട ഉത്തരവാദിത്വം കൗൺസിലർക്കല്ലെന്നും, അതിന് വാർഡ് വികസന സമിതിയുണ്ടെന്നും, കൊട്ടിഘോഷിച്ച് നാട്ടുകാരെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചത്. ഇപ്പോൾ രമേശന്റെ പരാതിയിൽ ഇന്നലെ നാലു സിപിഎം യുവാക്കളെ ഹൊസ്ദുർഗ്  പോലീസ് ഇൻസ്പെക്ടർ, പി. കെ. മണി  സ്റ്റേഷനിൽ വിളിപ്പിച്ചുവെങ്കിലും ഈ പരാതി പോലീസിന് കൈമാറിയ നഗരസഭ സിക്രട്ടറിയെ പരാതി സംബന്ധിച്ച് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാൻ  ശ്രമിച്ചുവെങ്കിലും, സിക്രട്ടറിയെ  എത്ര വിളിച്ചിട്ടും ഫോണിൽ കിട്ടാതിരുന്നതിനാൽ ഒന്നര മണിക്കൂർ നേരം സ്റ്റേഷനിൽ കാത്തുകെട്ടിക്കിടന്ന പാർട്ടി പ്രവർത്തകരോട് ഇനി വിളിക്കുമ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച ശേഷം  പോലീസ് ഇവരെ പറഞ്ഞയക്കുകയായിരുന്നു. വാർഡിൽ വാഴനട്ട്  പ്രതിഷേധിച്ച നഗരസഭ കൗൺസിലർക്കെതിരെ പോലീസിൽ പരാതി നൽകിയ വി. വി. രമേശന്റെ നടപടി നാട്ടുകാരിൽ പുകഞ്ഞുതുടങ്ങി.

LatestDaily

Read Previous

കല്ല്യോട്ട് കൊലക്കേസ് പ്രതിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

Read Next

ആയിരത്തി ഇരുന്നൂറ് കോഴി കുഞ്ഞുങ്ങളെ മുക്കികൊന്ന് ക്രൂരത