രമേശന് ഓടാനറിയാം, പിന്നെ ചാടാനും ബേബിയും സുജാതയും പടിക്ക് പുറത്ത്

കാഞ്ഞങ്ങാട്: മുൻ നഗരസഭ ചെയർമാൻ വി.വി.രമേശന് ഉദ്ഘാടന ലഹരി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ആണെങ്കിലും പൊതുരംഗത്ത് രമേശൻ ഇപ്പോഴും തകർത്തഭിനയിക്കുന്നത് നഗരപിതാവിന്റെ റോളിലാണ്. കാഞ്ഞങ്ങാട് നഗരസഭയിൽ കൗൺസിൽ ഹാളിൽ നഗരസഭ അധ്യക്ഷ കെ.വി. സുജാത അവരുടെ സ്വന്തം ഇരിപ്പിടത്തിൽ ഇരിക്കുമ്പോഴും, കൗൺസിൽ അജണ്ഡകളിൽ സദാ ഇടപെടുന്നതും, തീർപ്പ് കൽപ്പിക്കുന്നതും രമേശനാണെന്ന് പ്രതിപക്ഷത്തുള്ള ബിജെപിയും മുസ്്ലീംലീഗും കോൺഗ്രസും ഇതിനകം ആരോപിച്ചു കഴിഞ്ഞു.

കാഞ്ഞങ്ങാട്ട് പുതിയകോട്ടയിൽ പഴയ ജില്ലാശുപത്രിക്കെട്ടിടത്തിനടുത്ത് പുതുതായി പണിതീർത്ത അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവ്വഹിച്ചത് കഴിഞ്ഞാഴ്ച്ചയാണ്. ഈ ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിയും, നഗരസഭ അധ്യക്ഷ, കെ.വി. സുജാതയും പൂർണ്ണമായും തഴയപ്പെട്ടു. പകരം ഉദ്ഘാടനച്ചടങ്ങിൽ ആദ്യാവസാനം നായകവേഷമണിഞ്ഞത് നഗരസഭാ കൗൺസിലറായ വി. വി. രമേശനാണ്.

ആശുപത്രിയുടെ ഉദ്ഘാടനത്തിന് നാട മുറിക്കാൻ മന്ത്രി കെ.കെ. ശൈലജയും, മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ മെഡിക്കൽ ഓഫീസറും മറ്റുമെത്തിയപ്പോൾ, സർക്കാർ ഉദ്ഘാടന പരിപാടിയുടെ പ്രോട്ടോക്കോൾ പ്രകാരം മന്ത്രിമാർ കഴിഞ്ഞാൽ പിന്നീട് ചടങ്ങിൽ ഏറെ പ്രാധാന്യം നഗരസഭ അധ്യക്ഷ കെ.വി. സുജാതയ്ക്കും. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിക്കുമാണ്. അമ്മയും കുഞ്ഞും ആശുപത്രിയുടെ ഭരണച്ചുമതലയും പണം കൈമാറ്റവും ജില്ലാ പഞ്ചായത്തിന്റെ അധികാരത്തിൽ വരുന്നതാണ്. ഈ കാര്യങ്ങളെല്ലാം അറിയാവുന്ന വി. വി. രമേശൻ ചടങ്ങിൽ സുജാതയേയും പി. ബേബിയേയും പാടെ പിറകിലോട്ട് തള്ളി മുൻ നിരയിൽ ആരോഗ്യ മന്ത്രിക്കൊപ്പം കയറി നിൽക്കുകയായിരുന്നു.

നിലവിൽ ഒരു നഗരസഭാ കൗൺസിലർ മാത്രമായ രമേശൻ ഈ ഉദ്ഘാടനച്ചടങ്ങിൽ സ്ഥാനം കൈയ്യടക്കിയ സ്ഥലത്ത് ന്യായമായും നിലയുറപ്പിക്കേണ്ടത് നഗരസഭ അധ്യക്ഷയും ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമാണ്. അതിന് പകരം ഇരു അധ്യക്ഷമാരെയും ആൾക്കൂട്ടത്തിലേക്ക് തള്ളിമാറ്റി വി.വി. രമേശൻ ചടങ്ങിൽ വിലകുറഞ്ഞ പ്രകടനം കാഴ്ചവെക്കുകയായിരുന്നു. രമേശൻ നഗരഭരണത്തിൽ വഴിവിട്ട് ഇടപെടാൻ തുടങ്ങിയതായി കാഞ്ഞങ്ങാട്ടെ പാർട്ടി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പുറത്തു വിടാൻ തുടങ്ങിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ പി. ബേബിയും, കെ.വി. സുജാതയും പിൻനിരയിലേക്ക് തള്ളപ്പെടുന്നത് നേരിൽക്കണ്ടിട്ടും അവരോട് മുൻനിരയിൽ നിൽക്കാൻ മന്ത്രി ഇ.ചന്ദ്രശേഖരനും എന്തു കൊണ്ടോ ആവശ്യപ്പെട്ടില്ല.

LatestDaily

Read Previous

ഇരകൾക്ക് നീതി വേണം

Read Next

അദ്വൈതിന്റെ വിസറ പരിശോധനയ്ക്ക്