വി.വി.രമേശന് കല്ലൂരാവിയിൽ 1.9. കോടിയുടെ ബിനാമി ഭൂമി

കാഞ്ഞങ്ങാട്: അഴിമതി നടത്തി സർക്കാർ പണം അപഹരിച്ച് ധനാഢ്യനായ മുൻ നഗരസഭാ ചെയർമാൻ സിപിഎമ്മിലെ വി. വി. രമേശന് കല്ലൂരാവി പട്ടാക്കലിൽ 36.5 സെന്റ് കണ്ണായ ഭൂമി. ഈ ഭൂമിയും വി.വി.രമേശന്റെ സ്ഥിരം ബിനാമിയായ ഭാര്യാ സഹോദരൻ അനിൽകുമാർ ചേനമ്പത്തിന്റെ പേരിലാണ്. രമേശന്റെ ഭാര്യ അനിത ചേനമ്പത്തിന്റെ സഹോദരനാണ് കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ചേനമ്പത്ത് വീട്ടിൽ അനിൽകുമാർ.

കഴിഞ്ഞ 10 വർഷമായി അനിൽകുമാർ വി.വി. രമേശന്റെ സ്ഥിരം ബിനാമിയാണ്. അനിലിന് ഒമാനിലാണ് ജോലി. ഭൂമിയിൽ കോടികൾ വരുന്ന പണം മുടക്കാൻ അത്രയും വലിയ ജോലിയും വ്യാപാരവുമൊന്നും ഒമാനിൽ അനിൽകുമാറിനില്ല. അദ്ദേഹം മസ്ക്കത്തിൽ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനാണ്. മുഹമ്മദ് അബ്ദുല്ല കുവൈത്ത് ടവർ കാഞ്ഞങ്ങാട് എന്ന വ്യക്തിയുടെ കൈവശമുണ്ടായിരുന്ന കല്ലൂരാവി ഭൂമി 2013 ജനുവരി 25 നാണ് അനിൽകുമാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തത്.

ഈ സ്ഥലത്ത് 11,50000 രൂപ ഈ ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില തന്നെയുണ്ട്. അനിലിന്റെ പേരിൽ നടത്തിയ രജിസ്ട്രേഷൻ ഫീസും 11.5 ലക്ഷത്തിന് തന്നെയാണ്. ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ അത്രയും വലിപ്പമുള്ള ഈ ഭൂമിയുടെ ആധാരം നമ്പർ 397/2013 ആണ്.  ഈ പ്രദേശത്ത് നിലവിൽ ഏറ്റവുമൊടുവിൽ ഭൂമി വിൽപ്പന നടന്നത്, സെന്റിന് രണ്ടര മൂന്നു ലക്ഷം രൂപയ്ക്കാണ്. ഈ നിരക്ക് വെച്ച് കൂട്ടിയാൽ രമേശന്റെ 36.5 സെന്റ് ബിനാമി ഭൂമിക്ക് 1,090000 രൂപ വില മതിക്കും.

പാർട്ടിയിൽ പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് രമേശൻ കോടികൾ മുടക്കി വാങ്ങിയ ഭൂമി മുഴുവൻ ബിനാമി പേരുകളിൽ രജിസ്റ്റർ ചെയ്തുവെച്ചിട്ടുള്ളത്. രമേശന്റെ കല്ലൂരാവി പട്ടാക്കൽ ഭൂമി കല്ലൂരാവി-ഒഴിഞ്ഞ വളപ്പ് മെക്കാഡം റോഡിന് തൊട്ട് കിഴക്കുഭാഗത്താണ്. സമ്പന്നരായ പ്രവാസികൾ ഇരു നില വീടുവെച്ച് താമസിക്കുന്ന ഈ പ്രദേശത്ത് രമേശന്റെ ഭൂമിയിലേക്ക് മെക്കാഡം പ്രധാന റോഡിൽ നിന്ന് നേരിട്ട് ലോറി കടന്നു പോകുന്ന റോഡുമുണ്ട്.

LatestDaily

Read Previous

നഗരസഭാ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു ആദ്യ പ്രതിജ്ഞയെടുത്തത് ശിവദത്ത്. അവസാനം പ്രതിജ്ഞ ചൊല്ലിയത് കെ. കെ. ജാഫർ

Read Next

കേന്ദ്രം ആർക്കൊപ്പം