വി.വി. രമേശന് 1.20 കോടിയുടെ ബിനാമി ഭൂമി 49 ലക്ഷത്തിന്റെ ഭൂമി വാങ്ങിയത് 2019 ജൂൺ 9- ന് നഗരസഭ ചെയർമാൻ പദവിയിലിരുന്ന കാലത്ത്

കാഞ്ഞങ്ങാട്: മുൻ നഗരസഭാ ചെയർമാൻ സിപിഎമ്മിലെ വി.വി. രമേശൻ 1-20 കോടി രൂപയുടെ ഭൂമി സ്വന്തമാക്കി. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാന്റെ പദവിയിലിരിക്കുമ്പോൾ, കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ ദേശീയ പാതയ്ക്ക് പടിഞ്ഞാറു ഭാഗത്ത് 11.3/4 സെന്റ് ഭൂമി സ്വന്തം മകൾ ഡോ. ആര്യയുടെ ബിനാമി പേരിലാണ് വി.വി. രമേശൻ വാങ്ങിക്കൂട്ടിയത്.

കാഞ്ഞങ്ങാട് വില്ലേജിൽ റീ. സർവ്വെ നമ്പർ 254/1-പാർട്ട് 38ൽ 11.3/4 സെന്റ് ഭൂമി രമേശൻ സ്വന്തം മകളുടെ പേരിൽ റജിസ്റ്റർ ചെയ്തത് 2019 ജൂൺ 7-നാണ്. ഈ സമയത്ത് രമേശൻ നഗരസഭ ചെയർമാനാണ്. കാഞ്ഞങ്ങാട് സബ് റജിസ്ട്രാർ ഓഫീസിലെ ആധാരം നമ്പർ 1493/2019 അനുസരിച്ചുള്ള ഭൂമി ഡോക്ടർ ഏ.ആർ. ആര്യയുടെ പേരിലാണ്. ഈ ഭൂമി ആര്യയുടെ പേരിൽ റജിസ്റ്റർ ചെയ്യുമ്പോൾ ആധാരത്തിൽ രമേശൻ കാണിച്ച വില വെറും 9 ലക്ഷം രൂപയാണെന്നത് പിന്നീട് പിടിക്കപ്പെടാതിരിക്കാനുള്ള രമേശന്റെ കുൽസിത ബുദ്ധിയാണ്.

ഈ ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില 19,4661 രൂപ ആധാരത്തിൽ തന്നെ കാണിച്ചിട്ടുണ്ട്. 19,4661 രൂപയുടെ സ്റ്റാമ്പ് നികുതി 8 ശതമാനവും, റജിസ്ട്രേഷൻ ഫീസ് 2 ശതമാനവും അടക്കം 10 ശതമാനം തുക 1,94661 രൂപ ഡോ. ആര്യ സബ് റജിസ്ട്രാർ ഓഫീസിൽ റൊക്കം പണമായി അടച്ചിട്ടുണ്ടെങ്കിലും, ആധാരത്തിൽ കാണിച്ച മൊത്തം വില വെറും 9 ലക്ഷം രൂപയാണ്. ഭാസ്ക്കരൻ- ചന്ദ്രമതി മകൻ ഇലക്ട്രിക്കൽ എഞ്ചിനീയർ കെ. ശരത്കുമാറിന്റെ കൈവശമുണ്ടായിരുന്ന ഈ തണ്ണീർത്തട ഭൂമിയുടെ തൊട്ടടുത്തുള്ള മറ്റൊരു ഭൂമി 10 മാസം മുമ്പ് വ്യാപാരം നടന്നത് സെന്റിന് 4 ലക്ഷം രൂപയ്ക്കാണ്.

ഈ കണക്ക് വെച്ചുനോക്കുമ്പോൾ, രമേശന്റെ മകൾ ആര്യയ്ക്ക് രമേശൻ സമ്മാനിച്ച 11.3/4 സെന്റ് ഭൂമിക്ക് 49 ലക്ഷം രൂപ വില വരും.  ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില 19,4661 രൂപയാണെങ്കിലും, ഭൂമി വിൽപ്പന നടത്തിയ കെ. ശരത്കുമാറും ഭൂമി വാങ്ങിയ ഡോ. ഏ.ആർ. ആര്യയും തമ്മിലുള്ള കച്ചവടം വെറും 9 ലക്ഷം രൂപയ്ക്കാണെന്ന് ആധാരത്തിൽ പ്രത്യേകം എഴുതി ചേർത്തുകൊണ്ടാണ് 1493/2019 നമ്പർ ആധാരം ആര്യയുടെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 49 ലക്ഷം രൂപ റൊക്കം നൽകി രമേശൻ ബിനാമി പേരിൽ വാങ്ങിയ ഭൂമിയോട് ചേർന്ന് മറ്റൊരു 12 സെന്റ് കണ്ണായ ഭൂമിയും ഈ ഭൂമിയിലേക്ക് ടാർ റോഡിൽ നിന്ന് ലോറി കടന്നുപോകാൻ സൗകര്യമുള്ള മറ്റൊരു 6 സെന്റ് ഭൂമിയും രമേശൻ 2011-ൽ വാങ്ങിയത് സ്വന്തം ഭാര്യ അനിതയുടെ സഹോദരൻ ഒമാനിൽ ജോലി നോക്കുന്ന അനിൽകുമാർ ചേനമ്പത്തിന്റെ ബിനാമി പേരിലാണ്.

അനിൽകുമാർ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയാണ്. ഈ സ്ഥലത്ത് ഇപ്പോൾ മൊത്തം 30 സെന്റ് ഭൂമി രമേശന്റെ ബിനാമി കമ്പനി വാങ്ങിയിട്ടുണ്ട്. ഈ 30 സെന്റിന് ഇന്നത്തെ ഏറ്റവും കുറഞ്ഞ മാർക്കറ്റ് വില സെന്റിന് 4 ലക്ഷം രൂപ വീതം കണക്കാക്കിയാൽ 1 കോടി 20 ലക്ഷം വിലമതിക്കും.

LatestDaily

Read Previous

മരണവീട്ടിൽ പോയി മടങ്ങിയ യുവാവ് സഞ്ചരിച്ച കാർ ഓട്ടോയിലിടിച്ച് തലകീഴായി മറിഞ്ഞു

Read Next

ശബ്നയുടെ ആശുപത്രി ബില്ല് ₨ 1. 75 ലക്ഷം