തണ്ണീർതട ഭൂമിയിൽ വി.വി.രമേശന്റെ മകൾക്ക് വഴിവിട്ട സഹായം

കാഞ്ഞങ്ങാട് കൃഷി ഓഫീസിൽ കെട്ടിക്കിടക്കുന്ന 1900 അപേക്ഷകളെ മറികടന്ന്
ഡോ. ഏ. ആർ. ആര്യയുടെ 11 3/4 സെന്റ് ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും നീക്കി

കാഞ്ഞങ്ങാട്: മുൻ നഗരസഭാ ചെയർമാൻ വി. വി. രമേശന്റെ മകൾക്ക് ഡാറ്റാ ബാങ്കിൽ വഴിവിട്ട സഹായം.  കാഞ്ഞങ്ങാട് നഗരസഭയിലും, കാഞ്ഞങ്ങാട് കൃഷി ഓഫീസിലുമായി 2017 മുതൽ 1900 അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ്, മുൻ ചെയർമാൻ വി.വി. രമേശന്റെ മകൾക്ക് മാത്രം വഴിവിട്ട് മാർഗ്ഗത്തിൽ സഹായം ലഭിച്ചത്.

2018-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി ചട്ടപ്രകാരം കാഞ്ഞങ്ങാട് വില്ലേജ് പരിധിയിലുള്ള 11 3/4 സെന്റ് ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്യാനാണ് രമേശന്റെ മകൾ ഡോ. ഏ. ആർ. ആര്യ അപേക്ഷ നൽകിയത്. 2020 മെയ് 9-ന് യുവതി സമർപ്പിച്ച അപേക്ഷ വെറും ഒരു മാസം കൊണ്ട് തീർപ്പു കൽപ്പിച്ച കാഞ്ഞങ്ങാട് കൃഷി ഓഫീസർ 2020 ജൂലൈ 9-ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

മുൻ ചെ യർമാന്റെ മ കളുടെ അപേക്ഷ പരിശോധിച്ചതിൽ നിന്നും ഭൂമി 2008-ന് മുമ്പ് തന്നെ പരിവർത്തനം ചെയ്യപ്പെട്ടതാണെന്നും, പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ, 2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിചട്ടം 4 (ഡി) 4 (എഫ്) പ്രകാരം ഡാറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്ത കൃഷി ഓഫീസറുടെ ഉത്തരവ് 2020 ജൂലൈ 28-ന് കാഞ്ഞങ്ങാട് സബ് കലക്ടറായിരുന്ന അരുൺ.കെ. വിജയൻ പരിശോധിച്ച് നഗരസഭയ്ക്ക് കൈമാറുകയായിരുന്നു.

കൃഷി ഓഫീസർ ചെയർമാനും, അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും പ്രസിഡന്റുമാരുമാണ് കാഞ്ഞങ്ങാട് ഡാറ്റാ ബാങ്കിന്റെ ചെയർമാൻ പദവിയിലുള്ളത്.  അതാത് വില്ലേജുകളിലെ വില്ലേജ് ഓഫീസർമാരും ഡാറ്റാ ബാങ്കിൽ അംഗങ്ങളാണ്. കാഞ്ഞങ്ങാട് പ്രദേശത്ത് ഡാറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്യാത്തതിനെ തുടർന്ന് നൂറ് കണക്കിന് പാവങ്ങൾ തല ചായ്ക്കാൻ ചെറുതായ കൂര കെട്ടാൻ മൂന്ന് വർഷമായി അപേക്ഷ നൽകി അധികാരികളുടെ കാൽക്കൽ വീണു യാചിക്കുമ്പോഴാണ്, മാനദണ്ഡങ്ങൾ അപ്പാടെ കാറ്റിൽ പറത്തി പിൻവാതിലിലൂടെ പ്രമുഖരും ഉന്നത രാഷ്ട്രീയ നേതാക്കളും ജന പ്രതിനിധികളും മറ്റും വീട് നിർമ്മാണത്തിനും, വീട് കൂട്ടിയെടുക്കുന്നതിനുമുൾപ്പെടെയുള്ള അനുമതി കൃഷി ഭവനിൽ നിന്ന് സമ്പാദിച്ചിട്ടുള്ളത്.

കാഞ്ഞങ്ങാട് നഗരസഭ മുൻ വൈസ് ചെയർ പേഴ്സൺ എൽ. സുലൈഖ ഉൾപ്പെടെ വീടിന്റെ തറ നിർമ്മാണം പൂർത്തിയാക്കി ഡാറ്റാ ബാങ്കിൽ നിന്നും സ്ഥലം നീക്കം ചെയ്യാൻ അപേക്ഷ നൽകി, 2017 മുതൽ കാത്തു നിൽക്കുമ്പോഴാണ്, ഡോ. ആര്യയുടെ അപേക്ഷ വെറും രണ്ട് മാസത്തിനുള്ളിൽ മാനദണ്ഡങ്ങൾ മറികടന്ന് കൃഷി ഓഫീസർ പാസ്സാക്കി നൽകിയത്.

LatestDaily

Read Previous

ഖമറുദ്ദീൻ കസ്റ്റഡി ആവശ്യം കോടതി ഇന്ന് തള്ളി

Read Next

ആവിക്കര വാർഡിൽ യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയെ കൊണ്ട് പത്രിക പിൻവലിപ്പിക്കാൻ ശ്രമം; സ്ഥാനാർത്ഥി ഇറങ്ങിയോടി