വോട്ടർപ്പട്ടികയിലെ ക്രമക്കേട് കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയിലേക്ക്

കാഞ്ഞങ്ങാട്: വോട്ടർപ്പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി യുഡിഎഫ് നേതാക്കളും യുഡിഎഫ് സ്ഥാനാർത്ഥികളും. കാഞ്ഞങ്ങാട് നഗരസഭയിൽ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക വ്യാജവും കൃത്രിമമായുമുണ്ടാക്കിയ സാഹചര്യത്തിൽ മിക്ക വാർഡുകളിലും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച് ജനാധിപത്യത്തെ വെല്ലുവിളിച്ചതിനെ തുടർന്നാണ് കൃത്രിമ വോട്ടർപ്പട്ടികയുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും തിരഞ്ഞെടുപ്പ് അസാധുവാക്കുന്നതിന് കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടും യുഡിഎഫ് നേതാക്കളും യുഡിഎഫ് സ്ഥാനാർത്ഥികളും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

നിയമ നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി സ്ഥാനാർത്ഥികൾ ഹൈക്കോടതി അഭിഭാഷകനെ കണ്ട് നിയമോപദേശം തേടി. കൃത്രിമം നടന്നത് ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയാൽ, വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യാപ്പെടാമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. കോടതിയെ സമീപിച്ച് നിയമ നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി വോട്ടർപ്പട്ടികയിലെ വിവരങ്ങൾ തേടി യുഡിഎഫ് നേതാക്കൾ കാഞ്ഞങ്ങാട് നഗരസഭ സിക്രട്ടറിയോട് വിവരാവകാശം വഴി രേഖകൾ ആവശ്യപ്പെട്ടു. വോട്ടർ ലിസ്റ്റിന്റെ പകർപ്പ് ആവശ്യപ്പെട്ടും, വോട്ടർലിസ്റ്റ് പരിശോധിച്ച് അന്തിമ ലിസ്റ്റ് തയ്യാറാക്കി കൂട്ടിച്ചേർക്കലുകൾ നടത്തിയ ഉദ്യോഗസ്ഥന്റെ വിവരങ്ങളും വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ടു.

പുതുതായി വോട്ടർമാരെ കൂട്ടിച്ചേർക്കുന്നതിനായുള്ള അപേക്ഷയിൻമേൽ അതാത് സ്ഥലത്തെത്തി അന്വേഷണം നടത്താൻ നിയോഗിച്ച ഉദ്യോഗസ്ഥന്റെ വിവരവും യുഡിഎഫ് ആരാഞ്ഞിട്ടുണ്ട്. ബംഗളൂരുവിലും മംഗളൂരുവിലുമുൾപ്പെടെയുള്ളവരെ വോട്ടർ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും, താമസമില്ലാത്ത വീടുകളിൽ മറ്റ് വാർഡുകളിലുള്ള വോട്ടർമാരെ കൂട്ടിച്ചേർത്ത് കൃത്രിമമായി വോട്ടർപ്പട്ടികയുണ്ടാക്കി കടുത്ത മത്സരം നടന്ന വാർഡുകളിൽ കൃത്രിമ വിജയം നേടുകയുമാണുണ്ടായത്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

LatestDaily

Read Previous

സിപിഎം ബ്രാഞ്ച് സിക്രട്ടറിയേയും ഭാര്യയേയും വീട് കയറി ആക്രമിച്ചു

Read Next

മുട്ടക്കോഴി ബിസിനസ്സിൽ ജില്ലയിൽ നിന്നും കോടികൾ തട്ടി; പ്രതി മൈസൂർ ജയിലിൽ