ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാകും ക്രമീകരണം ഏർപ്പെടുത്തുകയെന്ന് അറ്റോർണി ജനറൽ എം വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ സുപ്രീം കോടതി തീർപ്പാക്കി.
പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2014 ൽ ഷംസീർ വയലിൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം പ്രവാസികൾക്ക് പ്രോക്സി വോട്ടിംഗ് ഏർപ്പെടുത്താമെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വേണമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു.
പ്രവാസി വോട്ട് യാഥാർത്ഥ്യമാക്കാൻ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചതായി 2017 ൽ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഭേദഗതി ലോക്സഭയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തെങ്കിലും രാജ്യസഭയിൽ അവതരിപ്പിക്കാത്തതിനാൽ കാലഹരണപ്പെട്ടു. പാർലമെന്റിൽ ഭേദഗതി അവതരിപ്പിക്കാനും പാസാക്കാനും സർക്കാരിന് നിർദ്ദേശം നൽകാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.