പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വെട്ടം സിബിയുടെ ഹരജി തള്ളി

പയ്യന്നൂര്‍: കള്ളക്കേസെടുത്തതായുള്ള സ്വകാര്യ അന്യായത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു.

പയ്യന്നൂരിൽ താമസിക്കുന്ന പുളിങ്ങോം സ്വദേശി വെട്ടം സിബി നല്‍കിയ പരാതിയിലാണ് റിട്ട. എസ്പി, രാംദാസ് പോത്തന്‍, ഡിവൈഎസ്പി, കെ.വി.വേണുഗോപാല്‍, എസ്‌ഐ, രവീന്ദ്രന്‍, ചിറ്റാരിക്കാൽ സ്വദേശി ഓലിക്കല്‍ സണ്ണി എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം കോടതി വെറുതെ വിട്ടത്.

വ്യാജരേഖയുണ്ടാക്കി ആള്‍മാറാട്ടം നടത്തി  സഹ തടവുകാരനായിരുന്ന കൊലക്കേസ് പ്രതിയെ  ജാമ്യത്തിലെടുത്ത സംഭവത്തില്‍  കേസെടുത്ത പോലീസുദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാൻ, വെട്ടം സിബി 2001-ൽ ഫയൽ ചെയ്ത സ്വകാര്യ അന്യായമാണ് കോടതി ഇക്കഴിഞ്ഞ ദിവസം  തള്ളിക്കളഞ്ഞത്.

ഹരജിയിൽ ആരോപിച്ച അന്യായത്തെക്കുറിച്ച്  വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

വധശ്രമക്കേസില്‍ റിമാൻ്റ് തടവുകാരനായി ജയിലിൽ  കഴിയവെ  2001-ൽ നടന്ന കുമ്പള ഇരട്ടക്കൊലപാതകക്കേസിൽ പ്രതിയായ അബ്ദുള്‍ ഖാദറെ സിബി വെട്ടം പരിചയപ്പെട്ടത് ജയിലിലാണ്.  ജയിലിൽ നിന്ന് സിബിക്ക് മുമ്പ്  ആദ്യം  ജാമ്യത്തിലിറങ്ങിയ സിബി വെട്ടം വ്യാജ നികുതി രസീതുണ്ടാക്കി രണ്ടു ജാമ്യക്കാരെ കോടതിയിൽ  ഹാജരാക്കിയാണ് പ്രതി  അബ്ദുള്‍ഖാദറെ ജാമ്യത്തിലെടുത്തത്.

എന്നാല്‍ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ വേളയില്‍ കോടതി  നടത്തിയ സൂക്ഷ്മ പരിശോധനയിൽ  സിബിയുടെ ആൾമാറട്ട തട്ടിപ്പ് പുറത്തു വന്നു.

കാസർകോട് സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കിടയിൽ,  പ്രതി അബ്ദുള്‍ ഖാദറെ ജാമ്യത്തിലെടുക്കാൻ സിബി  കോടതിയില്‍ ഹാജരാക്കിയത് വ്യാജ നികുതി രസീതാണെന്നും,  ആള്‍മാറാട്ടമാണ് നടന്നതെന്നും, കണ്ടെത്തിയത് കോടതിയിലെ ജൂനിയര്‍ സൂപ്രണ്ടാണ്.

സൂപ്രണ്ട് ഇക്കാര്യം ജില്ലാ ജഡ്ജിന്റെ  ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് കാസർകോട്  ടൗണ്‍ പോലീസ് സിബിക്കെതിരെ അന്ന്  കേസെടുത്തത്. ഈ കേസിൽ അന്നത്തെ ഡിവൈ.എസ്.പി, മോഹനചന്ദ്രൻ   സിബിയെ അറസ്റ്റുചെയ്തിരുന്നു ചിറ്റാരിക്കാൽ സ്വദേശി  ഓലിക്കല്‍ സണ്ണിയും ഉന്നത പോലീസുദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് തന്നെ കള്ളക്കേസ്സില്‍ കുടുക്കുകയായിരുന്നുവെന്ന് കാണിച്ചാണ് 2001-ൽ  സിബി വെട്ടം പയ്യന്നൂർ കോടതിയിൽ  സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനാണ് സ്വകാര്യ അന്യായം വഴി സിബി ശ്രമിച്ചത്. ഈ കേസിൽ പ്രതിചേര്‍ക്കപ്പെട്ട പോലീസുദ്യോഗസ്ഥർ അടക്കമുള്ളവരെയാണ്  കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടത്.

അതേ സമയം ആള്‍മാറാട്ടക്കേസ്സന്വേഷണത്തിന്റെ ഭാഗമായി സിബിയെ തേടി അന്ന് ആദൂർ  സിഐ ആയിരുന്ന കെ.വി. വേണുഗോപാൽ സിബിയുടെ മാതമംഗലം ചന്തപ്പുരയിലുള്ള  വീട്ടിലെത്തിയപ്പോൾ, സിബിയുടെ ഭാര്യ ഷിജി,  ഇൻസ്പെക്ടർ കെ.വി. വേണുഗോപാൽ തന്നെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയെന്ന്  ഒരു പരാതി പയ്യന്നൂർ കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു.

ഈ കേസ്സ് പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ കാത്തു  കിടക്കുന്നുണ്ട്. കേസ്സിൽ ഡിവൈഎസ്പി, കെ.വി. വേണുഗോപാൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്.

LatestDaily

Read Previous

ബാറുടമയെ കയ്യേറ്റം ചെയ്തവർക്കെതിരെ കേസ്

Read Next

ബിജെപി പ്രവർത്തകർ സിഐടിയു പ്രവർത്തകന്റെ വീടാക്രമിച്ചു