ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട്: ഇടവകയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഫൊറോന വികാരിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രസ്റ്റിമാർ രംഗത്ത്. വെള്ളരിക്കുണ്ട് ഫൊറോന പള്ളിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഫാ. ആന്റണി തെക്കേമുറിക്കെതിരെയാണ് 4 ട്രസ്റ്റിമാർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
പള്ളി വികാരിക്കെതിരെ സാമ്പത്തികാരോപണങ്ങളുയർത്തിയാണ് ട്രസ്റ്റിമാരായ ഇ. എം മത്തായി, സെബാസ്റ്റ്യൻ പനച്ചിക്കൽ, ജോർജ് കൊച്ചൂഴത്തിൽ, ബേബി വെള്ളംകുന്നേൽ എന്നിവർ പ്രസ്താവനയിറക്കിയത്.
ഇടവകയിലെ വിശ്വാസികൾ തെരഞ്ഞെടുത്ത ട്രസ്റ്റിമാരെ അറിയിക്കാതെയാണ് വികാരി പള്ളിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
വികാരിമാരും, കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റിമാരുമാണ് സാധാരണ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടതെങ്കിലും, ഫാ. ആന്റണി തെക്കേമുറി സ്വന്തം ഇഷ്ടപ്രകാരമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ട്രസ്റ്റിമാർ പറയുന്നു. നിർമ്മാണച്ചലവിന്റെ കൃത്യമായ കണക്കുകൾ ഓഡിറ്റിന് ഹാജരാക്കാൻ പോലും പള്ളി വികാരിക്ക് കഴിഞ്ഞിട്ടില്ല.
തന്റെ ആജ്ഞാനുവർത്തികളെ മാത്രം ഒപ്പം കൂട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണം നടത്തിയ പള്ളി വികാരി ഇടവകയ്ക്ക് വൻസാമ്പത്തിക നഷ്ടമാണുണ്ടാക്കിയതെന്ന് ട്രസ്റ്റിമാർ ആരോപിക്കുന്നു. പൊതുയോഗത്തിന് മുന്നിൽ വ്യക്തമായ കണക്കുകൾ വെയ്ക്കാതെയാണ് ഫാ. ആന്റണി തെക്കേമുറി ജൂൺ 27 ന് കണ്ണൂർ ജില്ലയിലെ തിരുമേനിയിലേയ്ക്ക് സ്ഥലം മാറി പോകുന്നത്.
ഏറ്റവുമൊടുവിൽ, ജൂൺ 11 ന് പള്ളിയുടെ സെമിത്തേരിയുടെ മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട് വിശ്വാസികളെ പോലീസ് സ്റ്റേഷൻ കയറ്റിയാണ് വെള്ളരിക്കുണ്ട് ഫൊറോന വികാരി സ്ഥാനമൊഴിയുന്നത്.
പള്ളി സെമിത്തേരിയുടെ മതിൽ യുവാക്കളെ ഉപയോഗിച്ച് പൊളിച്ച ശേഷം അനധികൃതമായി കെട്ടിയ മതിൽ മറ്റൊരു വിഭാഗം പൊളിച്ചു എന്ന രീതിയിൽ വികാരി പ്രചാരണം നടത്തിയതായും ട്രസ്റ്റിമാർ ആരോപിച്ചു.
ഇത് ഇടവകയിലെ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള നീക്കമായിരുന്നതായും സംശയമുണ്ട്.
ജില്ലാ കലക്ടറുടെ ലൈസൻസ് അനുസരിച്ച് 8 മാസം മുമ്പാണ് പള്ളി സെമിത്തേരിക്ക് മതിൽ പണിതത്.
ഈ മതിലാണ് യുവാക്കളെ ഉപയോഗിച്ച് പള്ളി വികാരിയായ ഫാ. ആന്റണി തെക്കേമുറി പൊളിച്ചു മാറ്റി ഇടവകയിൽ സംഘർഷം ഉണ്ടാക്കിയത്.