വന്ദേഭാരത് മൂന്നാംഘട്ടം ഇന്ന് മുതൽ : കേരളത്തിലേക്കുള്ള വിമാന സർവ്വീസുകളിൽ കുറവ് വരുത്തുമെന്ന് ആശങ്ക

കാഞ്ഞങ്ങാട്: വിദേശ രാജ്യങ്ങളിൽ കോവിഡ് രോഗബാധ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ പ്രവാസികളെ ഇന്ത്യയിലെത്തിക്കാൻ എയർ ഇന്ത്യ ആരംഭിച്ച വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാവും. ജൂലായ് 20-ന് അവസാനിക്കുന്ന മുന്നാംഘട്ടത്തിൽ എയർഇന്ത്യ ഇപ്പോൾ വിദേശത്ത് നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ളത് കേരളത്തിലേക്ക് 45 വിമാനങ്ങളാണ്. ഇതിൽ ഏറ്റവുമധികം വിമാനങ്ങൾ എത്തുന്നത് തിരുവനന്തപുരത്തേക്കാണ്. 18 ഷെഡ്യൂളുകൾ തിരുവനന്തപുരത്തേക്കുണ്ട്. നെടുമ്പാശ്ശേരിയിലേക്ക് ഒമ്പതും, കണ്ണൂരിലേക്ക് ആറും വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം നിരവധി ആഭ്യന്തര സർവ്വീസുകളും നാല് വിമാനത്താവളങ്ങളിലേക്കായി എയർ ഇന്ത്യ നടത്തുന്നുണ്ട്.

മൂന്നാംഘട്ടത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 300 വിമാന സർവ്വീസുകളിലായി പ്രവാസികളെ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനിടെ വിമാന നിരക്കിൽ എയർ ഇന്ത്യ വരുത്തിയ വൻ വർദ്ധനവ് പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതല്ല. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നു വന്നിട്ടുള്ളത്. പ്രതിഷേധം ശക്തമായാൽ വിമാന സർവ്വീസുകൾ എയർ ഇന്ത്യ കുറച്ചേക്കുമെന്ന് ആശങ്കയും പ്രവാസികൾക്കുണ്ട്. അതേ സമയം എയർ ഇന്ത്യയേക്കാൾ ചുരുങ്ങിയ നിരക്കിൽ സർവ്വീസ് നടത്താൻ മറ്റു വിമാനക്കമ്പനികൾ സന്നദ്ധമാണ്. എന്നാൽ അവർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുന്നുമില്ല. കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തി പ്രവാസികളെ പിഴിയാനാണ് എയർ ഇന്ത്യക്ക് താൽപ്പര്യം.

Read Previous

ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 201

Read Next

ഖത്തറിൽ വിമാനങ്ങൾ ഇറങ്ങും