വടക്കഞ്ചേരി അപകടം; അനുശോചനം രേഖപ്പെടുത്തി മന്ത്രി കെ. രാധാകൃഷ്ണൻ

പാലക്കാട്: വടക്കഞ്ചേരി ബസപകടത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ആശുപത്രിയിൽ കണ്ട കാഴ്ച്ചകൾ വളരെ വേദനാജനകമായിരുന്നു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെയും അധ്യാപകരുടെയും മറ്റ് യാത്രക്കാരുടെയും വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു’. ഫെയ്സ്ബുക്കിലെ പോസ്റ്റ് ഇങ്ങനെയാണ്.

രാത്രി 12 മണിയോടെ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ടൂറിസ്റ്റ് ബസ് കൊട്ടാരക്കര-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും മൂന്ന് പേർ കെ.എസ്.ആർ.ടി.സി യാത്രക്കാരും ഒരാൾ അധ്യാപകനുമാണ്. 

എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു , അനൂപ് , രോഹിത് എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിനോദയാത്രാ സംഘത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണു ആണ് മരിച്ച അധ്യാപകൻ.  കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടർന്ന് ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിൻ്റെ തോത് കൂടാൻ കാരണം. ടൂറിസ്റ്റ് ബസ് പൂർണമായും തകർന്നു. സീറ്റുകളും മറ്റും പുറത്ത് വന്ന നിലയിലാണ്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. 

K editor

Read Previous

ഭാരത് ജോഡോ യാത്രക്കൊപ്പം നാലര കി.മി. പദയാത്ര നടത്തി സോണിയഗാന്ധി

Read Next

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കഫ് സിറപ്പ് കമ്പനി പൂട്ടി ജീവനക്കാർ മുങ്ങി