അനിതയുടെ മരണം: പോലീസ് ഫോൺ പരിശോധിക്കും

കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ കുഞ്ഞിക്കുന്നിലെ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് തീയ്യ മഹാസഭ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ ഇ. അനൂപ്കുമാർ പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഉപ്പിലിക്കൈ കുഞ്ഞിക്കുന്നിലെ മധുസൂദനന്റെ ഭാര്യയും തീയ്യ മഹാസഭ ഉപ്പിലിക്കൈ യൂണിറ്റ് പ്രസിഡണ്ടുമായ അനിതയെ വീട്ടിൽ അമിതമായി ഗുളികകൾ കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഇവരെ ഉടൻ പരിയാരത്തെത്തിച്ചെങ്കിലും, രാത്രിയോടെ മരിച്ചു. രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ അമിതമായി കഴിച്ചതാണ് അനിതയുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. അനിതയുടെ മരണകാരണങ്ങളെക്കുറിച്ചുള്ള ബന്ധുക്കളുടെ അന്വേഷണം സമീപവാസിയായ സിവിൽ പോലീസ് ഓഫീസറിലേക്ക് എത്തിയതോടെയാണ് കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് തീയ്യ മഹാസഭയുടെ ജില്ലാ നേതാക്കൾ കാഞ്ഞങ്ങാട് ഡിവൈഎസ്പി, എ. പി. വിനോദിനെ നേരിൽക്കണ്ട് പരാതി നൽകിയത്.  ഇതേതുടർന്ന് സംഭവത്തിൽ വിശദാന്വേഷണം നടത്താൻ ഡിവൈഎസ്പി, ഹൊസ്ദുർഗ് ഐ.പി. അനൂപ്കുമാറിന് നിർദ്ദേശം നൽകുകയായിരുന്നു.

അനിതയുടെ മൊബൈൽ ഫോണിലേക്ക് സിവിൽ പോലീസ് ഓഫീസർ അയച്ച ചില സന്ദേശങ്ങൾ അനിതയുടെ മകൻ കണ്ടുപിടിക്കുകയും, ഇതേച്ചൊല്ലി വീട്ടിൽ കലഹമുണ്ടാകുകയും ചെയ്തിരുന്നു. വീട്ടിലുണ്ടായ ബഹളത്തിന് ശേഷം അനിതയുടെ മകനും ഭർത്താവും പുറത്തുപോയ സമയത്താണ് അനിത രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ അളവിൽക്കവിഞ്ഞ് ഉപയോഗിച്ചത്. സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അനിതയുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം സന്ദേശങ്ങളയച്ച് ബുദ്ധിമുട്ടിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.. ഇവയിൽ അശ്ലീല സന്ദേശങ്ങളുമുണ്ടായിരുന്നു.

ഇത്തരത്തിലുള്ള സന്ദേശങ്ങളിലൊന്നാണ് അനിതയുടെ മകൻ കാണാനിടയായത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥന് അനിത താക്കീത് നൽകിയിരുന്നതായും വിവരമുണ്ട്. വീട്ടമ്മയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്നാണ് തീയ്യ മഹാസഭയുടെ ആവശ്യം. സംഭവത്തിൽ ആരോപണ വിധേയനായ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. അനിതയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചുവരുന്നു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവർക്ക് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി

Read Next

ഹൊസ്ദുർഗ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയിൽ ബിജെപി പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം