അവിവാഹിത യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വനിതാ കമ്മീഷൻ ഇടപെട്ടു

കാഞ്ഞങ്ങാട് : അമ്പലത്തറ സ്വദേശിനിയായ യുവതിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷന്റെ ഇടപെടൽ.

യുവതി  വനിതാ കമ്മീഷന് നൽകിയ പരാതിയിലാണ് കാസർകോട് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ടാവശ്യപ്പെട്ടത്.

2019 ഡിസമ്പർ മാസത്തിലാണ് അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അവിവാഹിത യുവതിയെ കാഞ്ഞങ്ങാട് തെക്കേപ്പുറം സ്വദേശിയായ കമാൽ ഷാനിൽ എന്ന യുവാവ് കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച്  ബലാൽസംഗത്തിനിരയാക്കിയത്.

മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകിയാണ് കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തത്.

യുവതിയുടെ മാനവും , പണവും തട്ടിയെടുത്ത് മുങ്ങിയ യുവാവിനെതിരെ  ബലാൽസംഗക്കുറ്റത്തിന് കോഴിക്കോട് കസബ  പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ബലാൽസംഗക്കേസിൽ  നീതിയാവശ്യപ്പെട്ട് യുവതി ജൂൺ മാസത്തിൽ വനിതാ കമ്മീഷന് പരാതി നൽകി. പ്രസ്തുത പരാതിയുടെ തുടർ നടപടിയായാണ് വനിതാ കമ്മീഷൻ കാസർകോട് ജില്ലാ പോലീസ് മേധാവിയോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാവശ്യപ്പെട്ടത്.

അമ്പലത്തറ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ കമാൽ ഷാനിൽ യുവതിയിൽ നിന്നും  പല തവണ പണവും, സ്വർണ്ണവും കൈപ്പറ്റിയിരുന്നു. ഇതിന് പുറമേ  മംഗളൂരൂവിൽ താമസിക്കുന്ന  ഒരു വീട്ടമ്മ കാഞ്ഞങ്ങാട്ടെ ട്രാവൽ ഏജൻസി ഉടമ എന്നിവരെയും കമാൽ ഷാനിൽ പണം വാങ്ങി വഞ്ചിച്ചതായി തെളിഞ്ഞിട്ടുണ്ട്.

അമ്പലത്തറ യുവതിയുടെ പരാതിയിൽ കോഴിക്കോട് കസബ പോലീസ് കേസ് റജിസ്റ്റർ ചെയ്തത് 2020 ജനുവരി മാസത്തിലാണ്. കേസെടുത്ത് 10 മാസമായിട്ടും, ഇതുവരെ കുറ്റ പത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. കോഴിക്കോട് വനിതാ പോലീസ് ഇൻസ്പെക്ടർ  കെ. എൻ. ലീല  അന്വേഷണം നടത്തുന്ന കേസിൽ തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.

കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതുമൂലം പ്രതിയായ കമാൽ ഷാനിലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവധിച്ചിരുന്നു. ജാമ്യ വ്യവസ്ഥ പ്രകാരം യുവാവ് ഇപ്പോഴും കോഴിക്കോട് വനിതാ സെല്ലിൽ ആഴ്ച തോറും ഒപ്പിടുന്നുമുണ്ട്.

യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കമാൽ ഷാനിൽ ഫോണിൽ പകർത്തിെയന്ന പരാതിയിൽ മൊബൈൽ ഫോൺ പരിശോധനയ്ക്കായി  പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ പരിശോധിച്ച്  തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് കേസിൽ കുറ്റ പത്രം സമർപ്പിക്കുമെന്നാണ് പോലീസ് നിലപാട്.

Read Previous

പെരിങ്ങോം കൂട്ടബലാത്സംഗം : 2 പേർ അറസ്റ്റിൽ

Read Next

വെസ്റ്റ് എളേരി പഞ്ചായത്ത് 1-ാം വാർഡിൽ മത്സരഫലം പ്രവചനാതീരം