ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ വിമർശിച്ച് എസ്.ഡി.പി.ഐ. നിരോധനം ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തിന്‍റെ ലംഘനമാണെന്നും ബി.ജെ.പി സർക്കാരിന്റെ തെറ്റായ നടപടികളെ എതിർക്കുന്നവർക്കെതിരെ അറസ്റ്റും റെയ്ഡും നടത്തുകയാണെന്നും ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും കവർന്നെടുക്കുകയാണെന്നും എസ്.ഡി.പി.ഐ ആരോപിച്ചു. പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ അന്വേഷണ ഏജൻസികളും നിയമവും ദുരുപയോഗം ചെയ്യപ്പെടുകയാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും എസ്.ഡി.പി.ഐ പ്രസ്താവനയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല.
പോപ്പുലർ ഫ്രണ്ടിനൊപ്പം എട്ട് അനുബന്ധ സംഘടനകളെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് എസ്.ഡി.പി.ഐയുടെ പ്രതികരണം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയും നിരോധിച്ചു.
എല്ലാ സംഘടനകൾക്കും അഞ്ച് വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷയും ക്രമസമാധാന നിലയും കണക്കിലെടുത്താണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതെന്ന് കേന്ദ്രം ഉത്തരവിൽ പറയുന്നു. രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും തീവ്രവാദ ബന്ധം ആരോപിച്ച് രേഖകൾ പിടിച്ചെടുക്കുകയും ചെയ്തതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്നതാണ് ശ്രദ്ധേയം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.