എംഎൽഏക്കെതിരെ കൊലവിളി മുദ്രാവാക്യം ജില്ല കലാപ ഭീതിയിൽ

കാഞ്ഞങ്ങാട്: ഉദുമ എംഎൽഏ, കെ. കുഞ്ഞിരാമനെ തീർത്തുകളയുമെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെത്തുടർന്ന് ജില്ല വീണ്ടും കലാപ ഭീതിയിൽ.  കല്ല്യോട്ട് നടന്ന കൃപേഷ്- ശരത് ലാൽ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഉദുമ എംഎൽഏയെ വധിക്കുമെന്ന് പരസ്യമായി മുദ്രാവാക്യം മുഴക്കിയത്.

കണ്ണൂരിൽ നിന്നെത്തിയ കെ. സുധാകരന്റെ അനുയായികളാണ് എംഎൽഏയ്ക്കും, സിപിഎം നേതാക്കൾക്കുമെതിരെ പരസ്യമായി കൊലവിളി നടത്തിയത്.  അനുസ്മരണച്ചടങ്ങിൽ പങ്കെടുത്ത കെ. സുധാകരനും പ്രകോപനപരമായ രീതിയിലാണ് പ്രസംഗിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം നവ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കല്ല്യോട്ട് ഇരട്ടക്കൊലയുടെ രണ്ടാം വാർഷികത്തിൽ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലവിളിയുമായി രംഗത്തെത്തിയത് സമീപ പ്രദേശങ്ങളിൽ ഭീതിയുയർത്തിയിട്ടുണ്ട്.  ശരത് ലാൽ- കൃപേഷ് കൊലയ്ക്കുശേഷം പെരിയയിലും, കല്ല്യോട്ടുമടക്കം ജില്ലയുടെ  വിവിധ ഭാഗങ്ങളിലുണ്ടായ സംഘർഷത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് കല്ല്യോട്ടും പെരിയയിലും ജീവിതം സാധാരണ നിലയിലായത്. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കലാപാഹ്വാനത്തിന്, കെ. സുധാകരന്റെ മൗനാനുവാദമുണ്ടായിരുന്നുവെന്ന് ആക്ഷേപമുയർന്നു. പെരിയ ഇരട്ടക്കൊലപാതകം നടന്നതിന് ശേഷം കല്ല്യോട്ടും പെരിയയിലും നടന്ന ആക്രമണ സംഭവങ്ങളിൽ കണ്ണൂരിൽ നിന്നെത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് യൂത്ത് കോൺഗ്രസ്  നടത്തിയ കൊലവിളി മുദ്രാവാക്യം കലാപത്തിനുള്ള ആഹ്വാനമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. പൊതുവെ ശാന്തമായ രാഷ്ട്രീയാന്തരീക്ഷമാണ് ജില്ലയ്ക്കകത്ത് ഇപ്പോഴുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകോപനപരമായ മുദ്രാവാക്യം ജില്ലയിലെ സമാധാനാന്തരീക്ഷം  തകർക്കാനുള്ള ശ്രമമാണെന്ന് ആരോപണമുയർന്നു. 

സംഭവത്തിൽ ഡിസിസി നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കല്ല്യോട്ട് നടന്ന കൊലവിളി മുദ്രാവാക്യത്തിൽ ഡിസിസി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയടക്കം പങ്കെടുത്ത അനുസ്മരണച്ചടങ്ങിലാണ് എംഎൽഏയ്ക്കെതിരെ മുദ്രാവാക്യമുയർന്നത്. മുദ്രാവാക്യത്തെ  തള്ളിപ്പറയാൻ എം.വിയോ കോൺഗ്രസ് നേതൃത്വമോ ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തിൽ ഇരട്ടക്കൊല തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടന്നതെന്ന് സൂചനയുണ്ട്. 

കൊലപാതകം നടന്നതിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ കല്ല്യോട്ട് കൊലപാതകം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചതിന് പിന്നിലും കല്ല്യോട്ടെ കൊലപാതകത്തിനെതിരായ വോട്ടർമാരുടെ അമർഷംകൂടി യാണ്. സൗമ്യ സ്വഭാവക്കാരനായ കെ. കുഞ്ഞിരാമൻ എംഎൽഏയെ വക വരുത്തുമെന്ന തരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മുദ്രാവാക്യത്തിൽ  സിപിഎം അണികൾക്ക് അമർഷമുണ്ട്. യൂത്ത് കോൺഗ്രസസിന്റെ പ്രകോപനത്തിന് സിപിഎം പ്രവർത്തകർ അതേ നാണയത്തിൽ തിരിച്ചടിച്ചാൽ ജില്ല രക്തക്കളമാകുമെന്നും ആശങ്കയുണ്ട്.

LatestDaily

Read Previous

പൂക്കോയയുടെ വീട്ടിലേക്ക് വീണ്ടും പ്രതിഷേധമാർച്ച്, പൂക്കോയയെ ക്രൈംബ്രാഞ്ച് സംരക്ഷിക്കുന്നതായി ആരോപണം

Read Next

ചരക്ക് വാഹനങ്ങൾ ചീറിപ്പായുന്നു കാഞ്ഞങ്ങാട്ട് ഗതാഗതക്കുരുക്കും അപകടവും പെരുകി