നീലകണ്ഠനും,ഗോവിന്ദൻ നായരും ഉദുമ തെരഞ്ഞെടുപ്പിൽ വിട്ടുനിന്നു

ഉദുമ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ദിവസം പോലും ഉദുമ മണ്ഡലത്തിലിറങ്ങാതെ കോൺഗ്രസ് നേതാക്കളായ കെ. നീലകണ്ഠനും, പെരിയ ഏ. ഗോവിന്ദൻ നായരും യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ബാലകൃഷ്ണൻ പെരിയയോട് പരസ്യമായി പക വീട്ടി. കെ. നീലകണ്ഠൻ സംസ്ഥാന കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡണ്ടും, കാസർകോട്ടു നിന്നുള്ള കെപിസിസി സിക്രട്ടറിയുമാണ്. ഒരു ദിവസം പോലും ബാലകൃഷ്ണൻ പെരിയയ്ക്ക് വേണ്ടി മണ്ഡലത്തിലിറങ്ങാതിരുന്ന ഏ. ഗോവിന്ദൻ നായർ യുഡിഎഫിന്റെ ജില്ലാ കൺവീനറാണ്.

ഏ. ഗോവിന്ദൻ നായർ കടുത്ത ഏ. വിഭാഗക്കാരനാണ്. കെ. നീലകണ്ഠൻ മുമ്പ് ഏ വിഭാഗത്തിലായിരുന്നുവെങ്കിലും, ഇപ്പോൾ ഐ വിഭാഗത്തിലാണ്. എന്നിരുന്നാൽ പോലും, നീലകണ്ഠൻ കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ: സി. കെ. ശ്രീധരനുമായി ഉടക്കിലാണ്. നീലകണ്ഠനും, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലും, ഇത്തവണ ഉദുമ സീറ്റിൽ കണ്ണുനട്ടിരുന്നു. ഹക്കീം കുന്നിലിന് വേണ്ടി ഉമ്മൻചാണ്ടി ഉദുമയിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും, ഉമ്മൻചാണ്ടിക്ക് മുകളിൽ പിടിച്ചാണ് ഉദുമ സീറ്റ് ഇത്തവണ ബാലകൃഷ്ണൻ പെരിയ നേടിയെടുത്ത് മത്സരിച്ചത്.

സീറ്റ് ലഭിക്കാതിരുന്ന നീലകണ്ഠനും, ഹക്കീമും, ഏ. ഗോവിന്ദൻ നായരും ബാലകൃഷ്ണന് എതിരെ ഒരു സ്വകാര്യ ചാനലിന് അഭിമുഖം നൽകിയിരുന്നുവെങ്കിലും, പാർട്ടി നടപടിയുണ്ടാകുമെന്ന് കണ്ട് പിന്നീട് ചാനൽ റിപ്പോർട്ടറെ നേരിൽക്കണ്ട് അഭിമുഖം പിൻവലിക്കുകയായിരുന്നു. ബാലകൃഷ്ണനെ പരാജയപ്പെടുത്തുക തന്നെയായിരുന്നു നീലൻ– ഹക്കീം–ഗോവിന്ദൻ നായർ ലോബിയുടെ കരുനീക്കമെന്ന് ബാലകൃഷ്ണനുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

LatestDaily

Read Previous

ചോര കുടിക്കുന്ന രാഷ്ട്രീയം

Read Next

മൻസൂർ വധം; ഒരാൾ കൂടി പിടിയിൽ, പ്രതികൾക്കെല്ലാം സിപിഎം ബന്ധം