ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം പ്രധാന ചർച്ചയാക്കി ഉദുമ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ ഇരട്ടക്കൊലപാതകമല്ല വികസനമാണ് ഉദുമയിലെ പ്രധാന ചർച്ചയെന്നാണ് എൽഡിഎഫ് പ്രതികരണം. വോട്ട് വിഹിതം കൂട്ടി ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 1991 മുതൽ സിപിഎമ്മിനെ മാത്രം തുണയ്ക്കുന്ന മണ്ഡലമാണ് ഉദുമ. 2016ൽ കെ സുധാകരൻ തന്നെ ഇറങ്ങി മത്സരിച്ചിട്ടും തോറ്റ മണ്ഡലം. ഇത്തവണ പെരിയ ഇരട്ടക്കൊലപാതകം പ്രധാന പ്രചാരണ വിഷയമാക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താന് മണ്ഡലത്തിൽ നിന്നും കിട്ടിയ ഒൻപതിനായിരത്തോളം വോട്ടിന്‍റെ ലീഡിലാണ് യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെചൊല്ലി പാർട്ടിയിലുണ്ടായ അനൈക്യമെല്ലാം പരിഹരിച്ചെന്നാണ് അവകാശവാദം. എന്നാൽ മണ്ഡലത്തിലെ വികസന നേട്ടങ്ങൾക്കപ്പുറം ഇരട്ടക്കൊലപാതകം ചർച്ചയാകുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സിഎച്ച് കുഞ്ഞമ്പു പറയുന്നു. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടാകുമെന്നും കുഞ്ഞമ്പു പ്രതീക്ഷിക്കുന്നു.
എൽഡിഎഫിലേയും യുഡിഎഫിലേയും അസംതൃപ്തർ ബിജെപിക്കൊപ്പമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ വേലായുധനും അവകാശപ്പെടുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളുടെയെല്ലാം വോട്ട് കണക്കെടുത്താൽ സിപിഎമ്മിന്‍റെ ഭൂരിപക്ഷം കുറയുന്ന കാഴ്ചയാണ് ഉദുമയിൽ. യുഡിഎഫിന്റെ ശുഭപ്രതീക്ഷയ്ക്ക് കാരണവും ഇതു തന്നെയാണ്. അത് കൊണ്ട് തന്നെ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പ്.