ഉദുമയിൽ പത്മാവതിക്ക് മുൻതൂക്കം

ഉദുമ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ നിയോജക മണ്ഡലത്തിൽ ഇത്തവണ സിപിഎമ്മിലെ ഇ. പത്മാവതിയായിരിക്കും സ്ഥാനാർത്ഥി. സിപിഎം ഉദുമ- ബേഡകം ഏരിയാ കമ്മിറ്റികൾ പത്മാവതിയുടെ പേര് പാർട്ടി മേൽഘടകത്തിന് നൽകിയിട്ടുണ്ട്.
മുൻ എംഎൽഏ അഡ്വ. സി. എച്ച്. കുഞ്ഞമ്പു, പാർട്ടി ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണൻ മാഷ് എന്നിവരുടെ പേരുകൾ ഉദുമയിൽ ആദ്യ പട്ടികയിൽ ഇടം പിടിച്ചിരുന്നുവെങ്കിലും, കൂടുതൽ വനിതകളെ മൽസരിപ്പിക്കണമെന്ന പാർട്ടി സംസ്ഥാന നേത്വത്തിന്റെ നിർദ്ദേശമുണ്ടായതിന് ശേഷമാണ് ഉദുമയിൽ ഇത്തവണ ഇ. പത്മാവതി മുൻനിരയിലെത്തിയത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സിക്രട്ടറിയായ പത്മാവതി, 1985 മുതൽ 90 വരെ കാസർകോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്നു. മൽസര രംഗത്ത് പരാജയപ്പെട്ടവരെയും രണ്ടു തവണ മൽസരിച്ചവരേയും വീണ്ടും മൽസരിപ്പിക്കേണ്ടതില്ലെന്ന പാർട്ടി നിർദ്ദേശമുണ്ടായതിനാൽ, ഉദുമയിൽ അഡ്വ. സി. എച്ച്. കുഞ്ഞമ്പുവിനും മുൻ എംഎൽഏ, കെ. വി. കുഞ്ഞിരാമനും, നിലവിലുള്ള എംഎൽഏ കെ. കുഞ്ഞിരാമനും ഇത്തവണ മൽസരിക്കാനാവില്ല. സി. എച്ച്. കുഞ്ഞമ്പു മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി. ബി. അബ്ദുൾ റസാഖിനോട് പരാജയപ്പെട്ടിരുന്നു.

കെ. വി. കുഞ്ഞിരാമനും, കെ. കുഞ്ഞിരാമനും എംഎൽഏ പദവിയിൽ രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്തവണ ഇ. പത്മാവതിയുടെ സ്ഥാനാർത്ഥിത്വം ഉദുമയിൽ ഏതാണ്ടുറപ്പായിക്കഴിഞ്ഞത്. ഉദുമ മണ്ഡലത്തിലുള്ള പാർട്ടിയുടെ ഇരു ഏരിയാ കമ്മിറ്റികളും ഏകകണ്ഠമായി പത്മാവതിയെ നിർദ്ദശിച്ചതോടെ ഉദുമയിൽ എം. വി. ബാലകൃഷ്ണൻ മാഷിന്റെ സാധ്യതയ്ക്ക് മങ്ങലേറ്റു.

Read Previous

കാണിയൂർ പാതയ്ക്ക് സൗജന്യ ഭൂമി നൽകുമോയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ വർഷം 2 കഴിഞ്ഞിട്ടും മിണ്ടിയില്ല

Read Next

സുനിലിന്റെ ജീവൻ അപകടത്തിൽ