ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും വിജയം നേടിയ ഇടതു മുന്നണിയെ ഇത്തവണ കല്ല്യോട്ട് ഇരട്ടക്കൊലയിൽ തളച്ചിടാൻ കഴിയുമോ എന്ന് നോട്ടം
കാഞ്ഞങ്ങാട്: കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ഉദുമയിൽ തളച്ചിടാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്. തുടർച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ട് കൃത്യമായ അജണ്ടകളോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണിയെ തളച്ചിടാൻ യുഡിഎഫ് ശക്തമായി രംഗത്ത് വന്നതോടെ ഉദുമ രാഷ്ട്രീയം കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ്. 2006-ൽ കരുത്തനായ ചെർക്കളം അബ്ദുല്ലയെ മഞ്ചേശ്വരത്ത് കീഴ്പ്പെടുത്തിയ സി.എച്ച്.
കുഞ്ഞമ്പുവിനേയാണ് ഇത്തവണ ഉദുമയിൽ സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. ഉദുമ നിലനിർത്താൻ സി.എച്ച്. കുഞ്ഞമ്പുവിനെ ഇടതുമുന്നണി കളത്തിലിറക്കിയപ്പോൾ, ശക്തമായ ഗ്രൂപ്പ് പോരുകൾക്കിടയിൽ കല്ല്യോട്ട് ഉൾക്കൊള്ളുന്ന പെരിയ പ്രദേശക്കാരനായ ബാലകൃഷ്ണൻ പെരിയയ്ക്കാണ് യുഡിഎഫ് പ്രതിനിധിയായി മത്സരിക്കാൻ കോൺഗ്രസ് അവസരം നൽകിയത്. യുഡിഎഫ് പ്രഖ്യാപനം വരുംമുമ്പേ തന്നെ ബാലകൃഷ്ണൻ സ്ഥാനാർത്ഥിയാവുമെന്ന സൂചന ലഭിച്ച പശ്ചാത്തലത്തിൽ, കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാവുകയും, കെപിസിസി സിക്രട്ടറി കെ. നീലകണ്ഠൻ രാജിവെക്കുന്ന സാഹചര്യം വരെയെത്തുകയും ചെയ്തതാണ്. ഇതേ ചൊല്ലി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രഹസ്യയോഗം ചേരുകയും ചെയ്തു.
എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി പുറത്ത് വന്നപ്പോൾ, എതിർശബ്ദങ്ങൾ അടങ്ങിയ പശ്ചാത്തലത്തിൽ, ബാലകൃഷ്ണന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ചൂട് പിടിച്ചുകഴിഞ്ഞു. കഴിഞ്ഞ ആറ് തവണ ഇടതുമുന്നണി ഉദുമയിൽ വിജയം നേടിയപ്പോഴും, ഓരോ തവണയും ഇടതു ഭൂരിപക്ഷം കുറഞ്ഞു വന്ന സാഹചര്യവും നിലവിലുണ്ട്. രണ്ട് തവണ തുടർച്ചയായി വിജയം നേടിയ ഉദുമയുടെ ജനകീയ എംഎൽഏ, കെ. കുഞ്ഞിരാമന്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാൻ, കഴിഞ്ഞ തവണ മത്സരിച്ച കോൺഗ്രസിലെ ശക്തനായ കെ. സുധാകരന് കഴിഞ്ഞിരുന്നു. 3832 വോട്ടുകൾക്കാണ് 2016-ൽ കെ. കുഞ്ഞിരാമൻ സുധാകരനോട് വിജയിച്ചത്. തുടർന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കല്ല്യോട്ട് ഇരട്ടക്കൊലപാതകം സജീവ വിഷയമായപ്പോൾ, യുഡിഎഫിന് ഉദുമയിൽ 8937 വോട്ടിന്റെ ലീഡ് നേടാൻ കഴിഞ്ഞു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതുമുന്നണിക്ക് 11,678 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി.
കല്ല്യോട്ട് ഇരട്ടക്കൊലപാതകം ഉയർത്തി പ്രചാരണം നടത്തിയ യുഡിഎഫിനെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായി എന്ന ആവേശത്തിലാണ് ഉദുമയിൽ ഏഴാം വിജയം നേടുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുള്ളത്. ഇരട്ടക്കൊലപാതകം നടന്ന കല്ല്യോട്ട് ഉൾപ്പെട്ട പുല്ലൂർ- പെരിയ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഇതുകൂടി മുൻനിർത്തിയാണ് യുഡിഎഫ് പ്രചാരണത്തിന് കോപ്പ് കൂട്ടുന്നത്. ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം ഓരോ ദിവസവും കടുപ്പിക്കുമ്പോൾ, കരുത്ത് തെളിയിക്കാൻ ബിജെപി ജില്ലാ സിക്രട്ടറി ഏ. വേലായുധനെയാണ് എൻഡിഏ രംഗത്തിറക്കിയിട്ടുള്ളത്.