ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
എൽഡിഎഫ് സ്ഥാനാർത്ഥിയും ആശുപത്രിയിൽ
കാഞ്ഞങ്ങാട്: സിപിഎം ശക്തി കേന്ദ്രത്തിൽ പ്രചാരണ ബാനർ സ്ഥാപിക്കാനെത്തിയ സ്ഥാനാർത്ഥിയുൾപ്പെടെയുള്ള യുഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം. മുസ്്ലീം ലീഗ് സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിപിഎം സ്ഥാനാർത്ഥി ഉൾപ്പെടെ ആറ് സിപിഎം പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു.
കാഞ്ഞങ്ങാട് നഗരസഭ 41 ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി റഷീദ് ഹൊസ്ദുർഗിന് നേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ ആവിക്കര എകെജി ക്ലബ്ബ് പരിസരത്ത് ആക്രമണമുണ്ടായത്. റഷീദുൾപ്പെടെ ആറ് കോൺഗ്രസ്സ് മുസ്്ലീം ലീഗ് പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണ ബാനർ സ്ഥാപിക്കുന്നതിനായാണ് ആവിക്കരയിലെത്തിയത്. മുസ്്ലീം ലീഗ് പ്രവർത്തന്റെ ഉടമസ്ഥതയിലുള്ള റോഡരികിലെ പറമ്പിൽ ബാനർ കെട്ടുന്നതിനിടെ 30 ഓളം വരുന്ന സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി റഷീദിനെ ഉൾപ്പെടെ വളഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.
സ്ഥാനാർത്ഥിയെ ആക്രമിക്കുന്നത് തടയാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചുവെങ്കിലും ഒരു വിഭാഗം പ്രവർത്തകർ ഇത് വക വെക്കാതെ മർദ്ദിക്കുകയായിരുന്നുവെന്ന് റഷീദ് പറഞ്ഞു. സിപിഎം പാർട്ടി ഗ്രാമമായ ആവിക്കരയിൽ മറ്റ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അക്രമം നടത്തുകയായിരുന്നുവെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. അക്രമം രൂക്ഷമായതോടെ സ്ഥാനാർത്ഥി റഷീദ് ഒഴികെയുള്ള യുഡിഎഫ് പ്രവർത്തകർ ആവിക്കരയിലെ പി. ഏ. റഹ്മാന്റെ വീട്ടിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചും ഇടതു കണ്ണിന് പഞ്ച് ചെയ്തും പരിക്കേൽപ്പിക്കുകയായിരുന്നു. സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള റഷീദിന്റെ മൊഴിയെടുത്ത ഹൊസ്ദുർഗ് പോലീസ് സിപിഎം സ്ഥാനാർത്ഥി എച്ച്. ശിവദത്ത്, മനു, അനിൽ, ജിത്തു, ഉണ്ണിക്കുട്ടൻ, കിഷോർ തുടങ്ങിയ സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. യുഡിഎഫ് ആക്രമിച്ചതായി പരാതിപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. ശിവദത്തിനെയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ വിവരമറിഞ്ഞ് രാത്രി പോലീസ് സ്ഥലത്തെത്തിയിരുന്നു.