മടങ്ങി വരുന്നവർക്ക് സ്വാഗതമോതി യുഏഇ

രണ്ട്  ലക്ഷം പേരെ മറ്റു രാജ്യങ്ങളിൽ നിന്ന് യുഏഇ തിരികെയെത്തിക്കും

കാഞ്ഞങ്ങാട്: കൊറോണ കാലത്ത് യുഏഇ വിട്ട് തിരികെപ്പോകുന്നവർക്ക് ആവശ്യമായ സൗകര്യമൊരുക്കി നാട്ടിലെത്തിച്ച് കൊണ്ടിരിക്കുന്ന യുഏഇ ഭരണകൂടം രണ്ട് ലക്ഷം പേർക്ക് യുഏഇയിൽ തിരിച്ചെത്തിക്കാൻ സ്വാഗതമോതുന്നു. യുഏഇ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിസ് അബ്ദുള്ള സെൽഹുലിന്റെ വാക്കുകളെ ഉദ്ധരിച്ചാൽ അടുത്ത ഘട്ടത്തിലെ പ്രധാന ദൗത്യം വിദഗ്ദരും അവിദഗ്ദരുമായ രണ്ട് ലക്ഷം പേരെ വിദേശ രാജ്യങ്ങളിൽ നിന്ന് യുഏഇയിലേക്ക് തിരികെ കൊണ്ട് വരലാണ്. ഇതിന്റെ ഭാഗമായി താമസ വിസക്കാർക്ക് യുഏഇയിൽ തിരിച്ചെത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ജൂൺ ഒന്നിന് ഇതിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.

മടങ്ങിയെത്തുന്നവർക്ക്  കോവിഡ് പരിശോധന നിർബന്ധമായിരിക്കും. 14 ദിവസം ദുബായിൽ ക്വാറന്റൈനിൽ കഴിയണം. ഇതിന്റെ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ്. കോവിഡ് പ്രതിരോധനത്തിനായി യുഏഇ തയ്യാറാക്കിയ ആപ്പ് നിർബ്ബന്ധമായും ഡൗൺലോഡ് ചെയ്യുകയും വേണമെന്ന് യുഏഇ അധികൃതർ  ട്വിറ്ററിൽ വ്യക്തമാക്കി. യുഏഇയിലേക്ക് തിരിച്ച് വരാൻ ഇന്ത്യക്കാർക്കുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങിയതായി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു. ഇക്കാര്യത്തിൽ എമിഗ്രേഷൻ വിഭാഗത്തിനും എയർ ലൈൻസുകൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി കോൺസുൽ ജനറൽ വ്യക്തമാക്കി.

എല്ലാവിധത്തിലുള്ള വിസകൾക്കും ഡിസംബർ വരെ കാലാവധിയുള്ളതിനാൽ മറ്റു നിയമ തടസ്സങ്ങളൊന്നുമുണ്ടാവില്ല. മൂന്ന് മാസക്കാലം വിസ കാലാവധി ബാക്കിയുള്ളവർക്ക് മാത്രമെ വിദേശത്തേക്ക് മടങ്ങാൻ കഴിയു എന്ന് കാണിച്ച് ഇന്ത്യ സർക്കുലർ ഇറക്കിയിരുന്നു. ഇപ്രകാരം എമിഗ്രേഷൻ വിഭാഗവും എയർലൈൻസുകളും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിദേശത്തേക്ക് അനുമതി നിഷേധിക്കുകയുണ്ടായി. ഇത് വിവാദമായതോടെയാണ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്. തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർ ഫെഡറൽ അതോറിറ്റിയുടെ വെബ് സൈറ്റായ smartservicesicagov.ae വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡന്റ് വിസക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യത. വിസയുടെ കോപ്പി, പാസ്പോർട്ടിന്റെ കോപ്പി, യുഏഇ സന്ദർശിക്കാനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ എന്നിവ വേണം. മാർച്ച് ഒന്നിന് ശേഷം വിസ കാലവധി തീർന്നവർക്കും അപേക്ഷിക്കാം.

LatestDaily

Read Previous

വെള്ളരിക്കുണ്ട് പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം

Read Next

കേന്ദ്രത്തിനെതിരെ സിപിഎം: ഇരുപതിനായിരം കേന്ദ്രങ്ങളിൽ ധർണ്ണ