ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാകിസ്ഥാന് അടിയന്തര സഹായം നൽകാൻ യു.എ.ഇ. 3,000 ടൺ ഭക്ഷണത്തിന് പുറമേ പരമാവധി സഹായം പാകിസ്ഥാനിലേക്ക് എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി യു.എ.ഇ പ്രസിഡന്‍റ് ടെലിഫോണിൽ സംസാരിച്ചു. അതിനുശേഷമാണ് ആവശ്യമായ സഹായം അടിയന്തരമായി നൽകണമെന്ന് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചത്. ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ യുഎഇയിൽ നിന്ന് പാകിസ്ഥാനിലേക്ക് അയച്ചു. ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പാകിസ്ഥാന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. രണ്ട് മാസത്തിനിടെയാണ് രാജ്യത്തെ മരണസംഖ്യ 1,000 കടന്നത്. പ്രളയത്തെ ദേശീയ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. 30 ദശലക്ഷത്തിലധികം ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ജൂൺ പകുതിയോടെ ആരംഭിച്ച ദുരന്തത്തിൽ 343 കുട്ടികളും മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 2010 ലെ പ്രളയത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഇത്രയും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത്.