ചാർട്ടേഡ് വിമാനങ്ങള്‍ തടസപ്പെടില്ല; ആശങ്കവേണ്ട; ഇന്ത്യന്‍ കോൺസുൽ

ദുബായ്: ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ആശങ്കവേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ.

ചാർട്ടേഡ് വിമാനസർവ്വീസുകൾ തടസപ്പെടില്ലെന്ന് കോൺസുൽ ജനറൽ വിപുൽ പറഞ്ഞു. പുതിയ മാർഗനിർദ്ദേശപ്രകാരമായിരിക്കും ഇനി അനുമതിയെന്നും കോൺസുൽ ജനറൽ ദുബായിൽ വ്യക്തമാക്കി.

വിമാനക്കമ്പനി നേരിട്ട് സംസ്ഥാനത്തിന് അപേക്ഷ നൽകണമെന്ന നിർദ്ദേശമടക്കമുള്ള കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശം പുറത്തുവന്നതിന് പിന്നാലെ ചാർട്ടേഡ് വിമാന സർവ്വീസുകൾ മുടങ്ങുമോയെന്ന ആശങ്ക പ്രവാസലോകത്ത് ഉയർന്നിരുന്നു.

എന്നാൽ, ചാർട്ടേഡ് വിമാനസർവ്വീസുകൾ തടസപ്പെടില്ലെന്നും നടപടിക്രമങ്ങൾ ലളിതമാക്കുന്നതാണ് പുതിയ മാർഗ്ഗനിർദ്ദേശമെന്നും കോൺസുൽ ജനറൽ വ്യക്തമാക്കി.

വ്യാഴാഴ്ച മുതലാണ് പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം അനുമതി തേടേണ്ടത്. നിലവിൽ അനുമതി ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

സംസ്ഥാനസർക്കാരിൽ നിന്നും അനുമതി നേടുന്നതിന് അപേക്ഷ നൽകുന്നതിനൊപ്പം കേന്ദ്രസർക്കാർ, ഇന്ത്യൻ എംബസി എന്നിവയുടെ അനുമതിയും ഇനി വിമാനക്കമ്പനി നേരിട്ട് വാങ്ങണമെന്നാണ് പുതിയ നിർദ്ദേശം.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് കെട്ടിടത്തിന് മെട്രോയുടെ നാമം; കടുത്ത എതിർപ്പുമായി കല്ലട്ര കുടുംബം

Read Next

വീടാക്രമിച്ച കേസ്സിൽ പ്രതികൾ മുങ്ങി