ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അവരാണ് ഗ്രീഷ്മയെ ശുചിമുറിയിലേക്ക് കൊണ്ടുപോയത്. ശുചിമുറിയിൽ അണുനാശിനി കഴിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ല. ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഒരു വനിതാ എസ്.ഐയും മൂന്ന് വനിതാ പോലീസുകാരും കാവലുണ്ടായിരുന്നു. ഗ്രീഷ്മയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ, അമ്മയുടെ സഹോദരന്‍റെ മകൾ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശൗചാലയം സ്ഥാപിച്ചു. എന്നാൽ മറ്റൊരു ശുചിമുറിയിൽ വെച്ച് ലോഷൻ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്.